വീട്ടിൽ വൻ കൃഷി, സഹായികൾ 3 പേർ; ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യോടെ പിടിയിൽ, വളർത്തിയത് കഞ്ചാവ്, ജീവപര്യന്തം തടവ്
വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തിയ രാജകുടുംബാംഗത്തിനും മൂന്ന് ഏഷ്യക്കാരായ സഹായികള്‍ക്കുമാണ് കോടതി ശിക്ഷ വിധിച്ചത്.
കുവൈത്ത് സിറ്റി: വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ കേസില്‍ കുവൈത്തില്‍ രാജകുടുംബാഗത്തിനും ഒരു ഏഷ്യക്കാരനും ജീവപര്യന്തം തടവ്. രാജകുടുംബാംഗത്തിനും സഹായിയായ ഏഷ്യക്കാരനുമാണ് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
കൗണ്‍സിലര്‍ നായിഫ് അല്‍ - ദഹൂം അധ്യക്ഷനായ ഒന്നാം ഇന്‍സ്റ്റന്‍സ് (ക്രിമിനല്‍ ഡിവിഷന്‍) കോടതിയാണ് രാജകുടുംബാംഗത്തിനും ഏഷ്യക്കാരനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തിയതിനാണ് രാജകുടുംബാംഗത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. 3 ഏഷ്യക്കാരുടെ സഹായത്തോടെയായിരുന്നു കഞ്ചാവ് കൃഷി. അറസ്റ്റിനിടെ പ്രതികളുടെ കൈവശം ലഹരിമരുന്ന് കണ്ടെത്തി.
Read Also - പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം; രാജ്യത്ത് തുടരുന്ന നിയമലംഘകർക്ക് കടുത്ത ശിക്ഷ, കർശന പരിശോധന തുടങ്ങും
25 കിലോഗ്രാം ഭാരമുള്ള 270 കഞ്ചാവ് ചെടികള്‍, 5,130 കിലോഗ്രാം വില്‍പ്പനയ്ക്ക് തയ്യാറാക്കിയ കഞ്ചാവ് എന്നിവയും 4,150 ലഹരിഗുളികകളും പ്രതികളുടെ പക്കല്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മൂന്ന് ഏഷ്യന്‍ പ്രതികളില്‍ ഒരാള്‍ക്കും ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുകളില്‍ കുവൈത്ത് സ്വീകരിക്കുന്ന കര്‍ശനമായ ശിക്ഷാ നടപടികളെ എടുത്തുകാട്ടുന്ന വിധിയാണിത്. സമൂഹത്തിലെ ഉയര്‍ന്ന പദവികള്‍ പരിഗണിക്കാതെ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വെളിവാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..