നിയമം ലഘിച്ച് യാത്രക്കാരെ കയറ്റി ടാക്സി സര്‍വീസ്; 826 ഡ്രൈവർമാർ സൗദിയിൽ പിടിയിൽ
ലൈസൻസില്ലാത്ത വാഹന ഉടമകൾക്ക് 5,000 റിയാൽ പിഴ ചുമത്തും.
റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളിൽ നിയമംലഘിച്ച് യാത്രക്കാരെ കയറ്റി കൊണ്ടുപോയതിന് 826 ടാക്സി ഡ്രൈവർമാർ പിടിയിൽ. ഒരു മാസത്തിനിടെയാണ് ഇത്രയും പേരെ പൊതു ഗതാഗത അതോറിറ്റി പിടികൂടിയത്. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണിത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം തുടരുകയാണ്. ലൈസൻസില്ലാത്ത വാഹനങ്ങളിൽ ആളുകളെ കയറ്റുന്നത് കുറയ്ക്കുകയും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിതെന്നും അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. വിമാനത്താവളങ്ങളിൽ നിയമാനുസൃത ടാക്സി സർവിസ് ലഭ്യമാണ്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുഴുവൻ സമയവും സേവനങ്ങൾ ലഭ്യമാക്കാൻ ഇത്തരത്തിൽ ലൈസൻസ് നേടിയ കമ്പനികളിൽനിന്നാണ് ടാക്സി ബുക്ക് ചെയ്യേണ്ടത്. വിമാനത്താവളങ്ങളിൽ 3600-ലധികം ടാക്സികളും 54 കാർ റെൻറൽ ഓഫീസുകളുമുണ്ട്. കാര്യക്ഷമതയുടെയും ഗുണനിലവാരത്തിെൻറ ആവശ്യകതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് ഇവ പ്രവർത്തിക്കുന്നത്.
കൂടാതെ ലൈസൻസുള്ള പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകൾക്കും മറ്റ് പതിവ് ഗതാഗത ഓപ്ഷനുകളും ഉണ്ട്. വിമാനത്താവളങ്ങളിൽ ചില വ്യക്തികൾ ലൈസൻസില്ലാതെ ടാക്സി സേവനം നടത്തുന്നുണ്ട്. ഇത് വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണ്. ലൈസൻസില്ലാത്ത വാഹന ഉടമകൾക്ക് 5,000 റിയാൽ പിഴയുണ്ടാകും. വാഹനം കണ്ടുകെട്ടുന്നതിനും പിടിച്ചെടുക്കൽ നടപടികളുടെ ഫലമായുണ്ടാകുന്ന ചെലവുകൾ വഹിക്കുന്നതിനും പുറമേയാണിത്. ടാക്സി മേഖല വ്യവസ്ഥാപിതമാക്കുന്നതിനുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും അതോറിറ്റി പറഞ്ഞു.