കുവൈത്ത് തീപിടിത്തം; മരണസംഖ്യ ഉയര്‍ന്നു, 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, നിരവധി പേര്‍ക്ക് പരിക്ക്
മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോര്‍ട്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയര്‍ന്നു. 35 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 35 പേര്‍ മരണപ്പെട്ടതായി കുവൈത്ത് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. 43 പേർ അപകടത്തിൽ പെട്ടതായും നാലു പേരെ എത്തിച്ചത് മരിച്ച നിലയിലാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് 'കുവൈത്ത് ന്യൂസ് ഏജന്‍സി' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു.
മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സകളിലാണ്.
Read Also - കുവൈത്തിൽ സ്വകാര്യ കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം; നിരവധി പേർക്ക് പരിക്കേറ്റു
തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചു. ഇങ്ങനെയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം