വധശിക്ഷക്ക് വിധിച്ചു; പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 33 കോടി ബ്ലഡ് മണി

2006 നവംബർ 28-ന് 26-ാം വയസ്സിലാണ് അബ്​ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്‌രിയുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു അനസ്.

33 crore blood money needed to release Malayali who got capital punishment

റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിച്ച മലയാളിയുടെ ജീവൻ രക്ഷിക്കാൻ​​33 കോടി രൂപ ബ്ലഡ് മണി ആയി വേണം. ​16 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട്​ കോടമ്പുഴ സ്വദേശി അബ്​ദു റഹീമി​നെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ മരിച്ച സൗദി ബാലന്‍റെ കുടുംബം ഒന്നര കോടി റിയാൽ ബ്ലഡ് മണി ആവശ്യപ്പെട്ടത്. 

റിയാദിലെ അപ്പീൽ കോടതയിലുള്ള കേസിൽ അന്തിമ വിധി വരുന്നതിന് മുമ്പ് പണം നൽകിയാൽ മാപ്പ് നൽകാമെന്നും അല്ലെങ്കിൽ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടിവരുമെന്നും കേസിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് വേങ്ങാട്ടിനെ കുടുംബം അറിയിച്ചു. കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെ മകൻ അബ്ദുറഹീം സൗദി പൗരന്റെ മകൻ അനസ് അൽശഹ്‌റി എന്ന ബാലൻ കൊല്ലപ്പെട്ട കേസിൽ 10 വർഷം മുമ്പാണ്​ സൗദി കോടതി വധശിക്ഷക്ക് വിധിച്ചത്. കേസ് ഇപ്പോൾ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. മുസ്​ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ ചൊവ്വാഴ്ച ഇന്ത്യൻ എംബസി ഉപസ്ഥാനപതി രാം പ്രസാദുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. റിയാദ് ഗവർണറുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് അദ്ദേഹം എം.കെ മുനീറിനെ അറിയിച്ചിരിക്കുകയാണ്. 

2006 നവംബർ 28-ന് 26-ാം വയസ്സിലാണ് അബ്​ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്‌രിയുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഇടയ്ക്കിടെ വീൽ ചെയറിൽ പുറത്തും മാർക്കറ്റിലും കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു വീട്ടിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഇടക്കിടെ പ്രകോപിതനാവുന്ന സ്വഭാവം അനസിനുണ്ടായിരുന്നു.

Read More: അമിത വണ്ണം, വൃക്ക മാറ്റിവയ്ക്കൽ എന്നിവയ്ക്കുള്ള ശസ്ത്രക്രിയകൾ ഇനി സൗദിയിൽ ഇൻഷുറൻസ് പരിധിയിൽ

2006 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. റിയാദ് ശിഫയിലെ വീട്ടിൽനിന്ന് അസീസിയിലെ പാണ്ട ഹൈപർ മാർക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിടുകയായിരുന്നു. ട്രാഫിക് സിഗ്നൽ കട്ട് ചെയ്തു പോകാൻ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താൻ ആവില്ലെന്ന് ആവർത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്‌നലിൽ എത്തിയപ്പോൾ അനസ് വീണ്ടും ബഹളം വെക്കാൻ തുടങ്ങി. പിൻസീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പിന്നോട്ട് തിരിഞ്ഞപ്പോൾ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി. തുടർന്ന്​ കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടർന്ന റഹീം അനസിന്റെ ബഹളമൊന്നും കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.

ഉടൻ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്തുചെയ്യണമെന്ന്​ അറിയാതെ പരിഭ്രമത്തിലായ രണ്ടുപേരും ചേർന്ന്​ ഒരു കഥയുണ്ടാക്കി. പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന്​ കഥ ചമയ്​ക്കുകയും നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പൊലീസിൽ വിവരമറിയിക്കുകയും ചെയ്​തു. പൊലീസെത്തി റഹീമിനെയും ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിലെടുക്കുകയാണ്​ ഉണ്ടായത്​. കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചത് ഇരുവർക്കും വിനയായി. നസീർ 10 വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി. റഹീം വധശിക്ഷ കാത്ത് റിയാദിലെ അൽ-ഹൈർ ജയിലിലാണ്. വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. 

Read More: ഉറങ്ങിക്കിടന്ന പതിനൊന്നുകാരിയെ കുത്തിക്കൊലപ്പെടുത്തി; വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കി

ആ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികൾ ഉൾപ്പെട്ട നിയമസഹായ സമിതി രൂപവത്​കരിച്ചിട്ടുണ്ട്. സൗദി ഭരണാധികാരിക്ക് ദയാഹരജിയും നൽകിയിട്ടുണ്ട്. ഇന്ത്യൻ എംബസി പ്രതിനിധിയായി യൂസുഫ് കാക്കഞ്ചേരി റഹീമിന്റെ മോചനത്തിന് പല ഇടപെടലുകളും നടത്തിവരികയാണ്.  
അതേ സമയം കുട്ടിയുടെ ബന്ധുക്കൾ ദിയാധനം വേണമെന്ന്​ ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് റിയാദിലെ പൊതുസമൂഹം. ദിയാധനം കണ്ടെത്താൻ എംബസിയുടെ നേതൃത്വത്തിൽ ശ്രമം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. റഹീമിന്റെ കുടുംബത്തിന്റെ അനുമതിയോടെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൗദി കുടുംബവുമായി ഒത്തുതീർപ്പ് ഉണ്ടാക്കും. ഇതിനായി നിയമസഹായവേദി യോഗം അടുത്ത ദിവസം വിളിച്ചുചേർക്കുമെന്ന് അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. നാട്ടിൽ കേരള പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി മുഹമ്മദ്​ റിയാസ്​ മുഖ്യ രക്ഷാധികാരിയായും കേന്ദ്ര മന്ത്രി വി. മുരളീധരൻ, എം.പിമാരായ എം.കെ. രാഘവൻ, എളമരം കരീം, ഇ.ടി. മുഹമ്മദ്​ ബഷീർ, പി.വി. അബ്​ദുൽ വഹാബ്​, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ രക്ഷാധികാരിമാരുമായി സഹായസമിതി രൂപവത്​കരിച്ച്​ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios