വിവിധ മേഖലകളില്‍ കര്‍ശന പരിശോധന; 290 പ്രവാസികള്‍ അറസ്റ്റില്‍, പിടിയിലായത് താമസ, തൊഴില്‍ നിയമലംഘകര്‍
റെസിഡൻസി, തൊഴില്‍ നിയമം ലംഘിച്ച 290 പേരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡൻസി, തൊഴിൽ നിയമം ലംഘിച്ച നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. ഫഹാഹീൽ, മഹ്ബൂല, ഫർവാനിയ, അൽ റായ്, ഹവല്ലി എന്നിവിടങ്ങളിലെ റെസിഡൻസി എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വിവിധ രാജ്യക്കാരായ പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്.
റെസിഡൻസി, തൊഴില്‍ നിയമം ലംഘിച്ച 290 പേരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കൺട്രോൾ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്‍റ്, നിയമ ലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്‍റ്, ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഡിപ്പാർട്ട്‌മെന്റ്, സംയുക്ത ത്രികക്ഷി സമിതി എന്നിവ ഉൾപ്പെടുന്ന റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ രാവിലെയും വൈകുന്നേരവും നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.
ഇതിന് പുറമെ മുന്‍സിപ്പാലിറ്റി, ഇന്‍ഡസ്ട്രി അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ എന്‍വയോണ്‍മെന്‍റ്, എന്‍വയോണ്‍മെന്‍റല്‍ പൊലീസ് എന്നിവ സംയുക്തമായി നടത്തിയ സുരക്ഷാ ക്യാമ്പയിനില്‍ താമസ നിയമലംഘകരായ 28 പേര്‍ പിടിയിലായി. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വര്‍ക്ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
പണം ഗഡുക്കളായി അടക്കാം, ആവശ്യക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകൾ വീട്ടിലെത്തും; വിദ്യാഭ്യാസ സ്ഥാപനത്തിന് പൂട്ട്
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊമേഴ്സ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആവശ്യമായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനം അടച്ചു പൂട്ടി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ സംഘത്തെ പിടികൂടുകയും ചെയ്തു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തു.
4,000 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് സംഘം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയത്. തുക ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. പിടിയിലായ പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...