ശരീര ഭാരം കുറയ്ക്കാനുള്ള ശസ്‍ത്രക്രിയയ്ക്ക് പിന്നാലെ 29 വയസുകാരന്‍ മരിച്ചു; അന്വേഷണം തുടങ്ങിയെന്ന് അധികൃതര്‍
ശസ്‍ത്രക്രിയക്ക് വിധേയനായ യുവാവിന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കഠിനമായ വയറുവേദന അനുഭവപ്പെട്ടുവെന്നും പിന്നീട് ക്രമേണ ഇയാളുടെ ശാരീരികസ്ഥിതി മോശമായി വന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
മനാമ: ശരീരഭാരം കുറയ്ക്കാനുള്ള ശസ്‍ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി. ബഹ്റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ മേയ് 29ന് ശസ്‍ത്രക്രിയയ്ക്ക് വിധേയനാക്കിയ 29 വയസുകാരന്‍ ഹുസൈന്‍ അബ്‍ദുല്‍ഹാദിയാണ് മരിച്ചത്. മരണത്തിലേക്ക് നയിച്ച സാഹചര്യം എങ്ങനെയുണ്ടായെന്ന് പരിശോധിക്കുകയാണെന്ന് ബഹ്റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
സ്ലീവ് ഗ്യാസ്‍ട്രക്ടമി എന്ന ശസ്‍ത്രക്രിയയാണ് യുവാവിന് നടത്തിയത്. ഇത് സംബന്ധിച്ച മെഡിക്കല്‍ ഫയലുകള്‍ ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി മേധാവി ഡോ. മറിയം അല്‍ ജലാഹ്‍മ പറഞ്ഞു. തെളിവുകള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റി, യുവാവിന്റെ മരണവും ശസ്‍ത്രക്രിയയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയും മരണത്തിന് കാരണമായത് ചികിത്സാ പിഴവാണെന്ന് വ്യക്തമാവുകയും ചെയ്യുന്ന പക്ഷം നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ശസ്‍ത്രക്രിയക്ക് വിധേയനായ യുവാവിന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കഠിനമായ വയറുവേദന അനുഭവപ്പെട്ടുവെന്നും പിന്നീട് ക്രമേണ ഇയാളുടെ ശാരീരികസ്ഥിതി മോശമായി വന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നും അവര്‍ പരാതിപ്പെടുന്നു. ശസ്‍ത്രക്രിയക്ക് ശേഷം ഒരാഴ്‍ച പിന്നിട്ടപ്പോഴായിരുന്നു ഹുസൈന്‍ അബ്‍ദുല്‍ഹാദിയുടെ വിയോഗം.
Read also: പള്ളിയില്‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവെച്ചു കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...