283 പ്രവാസികളെ പിരിച്ചുവിട്ടു, നിലവില്‍ 242 പേര്‍; കണക്കുകൾ പുറത്ത്, കാരണമായത് രാജ്യത്തിൻറെ ഈ നയം

നിലവില്‍ 242 വിദേശി ജീവനക്കാരാണ് മന്ത്രാലയത്തിലുള്ളത്.

283 expat employees terminated from ministry of public works

കുവൈത്ത് സിറ്റി: കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തില്‍ നിന്ന് 283 പ്രവാസികളെ പിരിച്ചുവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. മൂന്നര വര്‍ഷത്തിനിടെയാണ് മന്ത്രാലയത്തില്‍ നിന്ന് ഇത്രയും പേരെ പിരിച്ചുവിട്ടത്. 

2020 മാര്‍ച്ച് ഒന്നു മുതല്‍ 2023 ഓഗസ്റ്റ് 17 വരെയുള്ള കാലഘട്ടത്തിലാണ് ഇത്രയും വിദേശികളെ മന്ത്രാലയത്തില്‍ നിന്ന് പിരിച്ചുവിട്ടത്. നിലവില്‍ 242 വിദേശി ജീവനക്കാരാണ് മന്ത്രാലയത്തിലുള്ളത്. സര്‍ക്കാര്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട സിവില്‍ സര്‍വീസ് കൗണ്‍സില്‍ 11/ 2017 നമ്പര്‍ പ്രമേയത്തിലെ വകുപ്പുകള്‍ നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

മന്ത്രാലയത്തിലെയും അതിനു കീഴിലെ ഏജന്‍സികളിലെയും സ്വദേശിവല്‍ക്കരണ നിരക്ക് 100 ശതമാനത്തിലെത്തുന്നതു വരെ ഓരോ തൊഴില്‍ ഗ്രൂപ്പിനും നിശ്ചയിച്ചിട്ടുള്ള സ്വദേശിവല്‍ക്കരണ അനുപാതം അനുസരിച്ച് കുവൈത്തിവല്‍ക്കരണ നയം നടപ്പാക്കുന്നതിന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. മേല്‍നോട്ട, നേതൃപദവികളില്‍ വിദേശികളെ നിയമിക്കരുതെന്ന കുവൈത്ത് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് മന്ത്രാലയത്തില്‍ വിദേശികള്‍ സൂപ്പര്‍വൈസറി, നേതൃപദവികളൊന്നും വഹിക്കുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

Read Also-  പരിമിതകാല ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; അടുത്ത വർഷത്തേക്കുള്ള ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം, 15 ശതമാനം ഇളവ്

കർശന പരിശോധന; 31 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 31 പ്രവാസികളെ അറസ്റ്റ് ചെയ്തു. 18 കേസുകളിലായാണ് വിവിധ രാജ്യക്കാരായ പ്രവാസികൾ പിടിയിലായത്. 

ഇവരിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള 14 കിലോ​ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഷാബു, ഹാഷിഷ്, കെമിക്കൽ, കഞ്ചാവ്,  ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ, 42,000 സൈക്കോട്രോപിക് ഗുളികകൾ, ലൈസൻസില്ലാത്ത തോക്ക്, വെടിയുണ്ടകൾ, മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച പണം എന്നിവ പിടിച്ചെടുത്തു. 

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൻറെ ഭാഗമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ നടത്തിയ തുടർച്ചയായ ശ്രമങ്ങളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ചോദ്യം ചെയ്യലിൽ കടത്തുന്നതിനും വിൽപ്പന നടത്തുന്നതിനും വേണ്ടിയാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് പ്രതികൾ സമ്മതിച്ചു. പ്രതികളെയും പിടിച്ചെ‌ടുത്ത മയക്കുമരുന്നും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios