Asianet News MalayalamAsianet News Malayalam

കൈക്കൂലി, വ്യാജരേഖ, അധികാര ദുർവിനിയോഗം; സൗദിയിൽ പൊതുസുരക്ഷ മുൻ മേധാവിക്ക് 20 വർഷം തടവും കനത്ത പിഴയും

20 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും കോടതി വിധിച്ചു. 

20 years imprisonment for former saudi public safety chief over bribery and corruption cases
Author
First Published Sep 16, 2024, 7:45 PM IST | Last Updated Sep 16, 2024, 7:45 PM IST

റിയാദ്: കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, ഓഫീസ് അധികാരം വ്യക്തിപരമായ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യൽ, സർക്കാർ കരാറുകൾ ചൂഷണം ചെയ്യൽ, പൊതുപണം ധൂർത്തടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിഞ്ഞതിനെ തുടർന്ന് സൗദി പൊതുസുരക്ഷ മുൻ മേധാവി ലെഫ്റ്റനൻറ് ജനറൽ ഖാലിദ് ബിൻ ഖരാർ അൽഹർബിയെ കോടതി ശിക്ഷിച്ചു. 20 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് വിധിച്ചത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളാണ് വിധിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

10 ലക്ഷം റിയാൽ പിഴ പൊതുഖജനാവിൽ അടയ്ക്കണം. കൂടാതെ കൈക്കൂലിയായി ലഭിച്ചെന്ന് കണ്ടെത്തിയ തുകയായ 1,00,84,303 റിയാൽ കണ്ടുകെട്ടി പൊതുഖജനാവിൽ നിക്ഷേപിക്കും. അപഹരിക്കപ്പെട്ട പൊതുപണമായ 28,27,000 റിയാൽ പൊതുഖജനാവിലേക്ക് പ്രതി തിരിച്ചടക്കണം. സമ്മാനങ്ങളായി കൈപ്പറ്റിയ സാധനങ്ങളും കൈക്കൂലിയായി കിട്ടിയതിൽനിന്ന്  ബന്ധുക്കൾ നൽകിയ സാമ്പത്തിക സഹായങ്ങളും കണ്ടുകെട്ടും. അതിെൻറ ആകെ മൂല്യം 1,75,000 റിയാലാണെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. അത് പൊതുഖജനാവിൽ നിക്ഷേപിക്കണം.

അതുപോലെ വഴിവിട്ടനിലയിൽ സമ്പാദിച്ച രണ്ട് കൃഷിഭൂമികളും കണ്ടുകെട്ടും. ഒരു കുറ്റകൃത്യത്തിലൂടെ 5,84,000 റിയാൽ വേറെയും സമ്പാദിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. അതും പൊതുഖജനാവിലേക്ക് അടയ്ക്കണം. ഈ വിശദാംശങ്ങളാണ് കോടതി വിധിയിലുള്ളത്.
അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) പ്രതിയുമായി വിപുലമായ അന്വേഷണമാണ് നടത്തിയത്. ശേഷം ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ച് ബന്ധപ്പെട്ട കോടതിക്ക് കേസ് റഫർ ചെയ്തു. കേസിെൻറ എല്ലാവശങ്ങളും പഠിക്കുകയും അന്വേഷണ റിപ്പോർട്ടുകൾ പരിശോധിക്കുകയും പ്രതിയെ വിചാരണ നടത്തുകയും ചെയ്ത ശേഷമാണ് അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അഴിമതി ആരോപണമുണ്ടായതിനെ തുടർന്ന് പ്രതിയുടെ സേവനം അവസാനിപ്പിക്കാനും വിരമിക്കാനും കേസെടുത്ത് അന്വേഷണം നടത്താനും ആവശ്യപ്പെട്ട് 2021 സെപ്തംബർ ഏഴിനാണ് സൽമാൻ രാജാവ് ഉത്തരവിട്ടത്. നമ്പർ എ/60 പ്രകാരമുള്ള ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് തുടർ അന്വേഷണം നടത്തിയതും ഇപ്പോൾ അന്തിമ വിധി പുറപ്പെടുവിച്ചതും. പൊതുപണവും വ്യക്തിഗത നേട്ടവും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, സ്വാധീനം ചെലുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ അദ്ദേഹം ചെയ്തതായി ആരോപിക്കപ്പെട്ടിരുന്നു. ഇതെല്ലാം അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചു. പൊതുപണം സംരക്ഷിക്കാനുള്ള സൗദി ഭരണകൂടത്തിെൻറ താൽപ്പര്യം വെളിപ്പെടുത്തുന്നതാണ് ഇൗ അന്തിമ വിധി. പൊതുപണം സംരക്ഷിക്കുന്നതിനും അഴിമതിയെ അതിെൻറ എല്ലാ രൂപങ്ങളിലും  ചെറുക്കുന്നതിനും കുറ്റവാളികളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും കുറ്റക്കാർ ആരായാലും അവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിനും മടിക്കില്ല എന്ന് ബോധ്യപ്പെടുത്തുന്നതുമാണ് വിധി.

ഫോട്ടോ: ശിക്ഷിക്കപ്പെട്ട ലെഫ്റ്റനൻറ് ജനറൽ ഖാലിദ് ബിൻ ഖരാർ അൽഹർബി

Latest Videos
Follow Us:
Download App:
  • android
  • ios