നിയമലംഘനം; ജിദ്ദ ബർമ മാർക്കറ്റിലെ 174 കടകൾ പൊളിച്ചുനീക്കി
മാർക്കറ്റുകളെ നിയന്ത്രിക്കുന്നതിനും നിയമലംഘനം നടത്തി പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇത്രയും കടകൾ നീക്കം ചെയ്തതെന്ന് ഉമ്മു സുലൈം മുനിസിപ്പാലിറ്റി മേയർ സഈദ് അൽ ശൈഖി പറഞ്ഞു.
റിയാദ്: നിയമങ്ങളും സുരക്ഷാചട്ടങ്ങളും ലംഘിച്ച് ജിദ്ദയിലെ ബർമ സൂഖിൽ പ്രവർത്തിച്ചിരുന്ന 174 കടകൾ പ്രവിശ്യാ സെക്രട്ടേറിയറ്റിന് (അമാന) കീഴിലുള്ള ബന്ധപ്പെട്ട മുനിസിപ്പാലിറ്റി (ബലദിയ) അധികൃതർ പൊളിച്ചുനീക്കി. അൽ മനാറ ഡിസ്ട്രിക്റ്റിൽ കിലോ 14ലാണ് ബർമ മാർക്കറ്റ്. ഇവിടെ വർഷങ്ങളായി നിലനിന്ന കടകളാണ് നീക്കം ചെയ്തത്. മിക്കതും ദുർബലവും സുരക്ഷാഭീഷണി ഉയർത്തുന്നതുമായിരുന്നു.
മുനിസിപ്പാലിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളൊന്നും പാലിക്കാത്തവയുമായിരുന്നു. നഗരത്തിന്‍റെ കാഴ്ചയെ വികലമാക്കുന്നതും സുരക്ഷാഭീഷണി ഉയർത്തുന്നതും നീക്കി നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനുള്ള മുനിസിപ്പാലിറ്റി നയത്തിെൻറ ഭാഗമായാണ് കടകളുടെ നീക്കം ചെയ്യൽ.
മാർക്കറ്റുകളെ നിയന്ത്രിക്കുന്നതിനും നിയമലംഘനം നടത്തി പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇത്രയും കടകൾ നീക്കം ചെയ്തതെന്ന് ഉമ്മു സുലൈം മുനിസിപ്പാലിറ്റി മേയർ സഈദ് അൽ ശൈഖി പറഞ്ഞു. ആദ്യം 40 കടകളും പിന്നീട് 134 കടകളും നീക്കം ചെയ്തു. അവയിൽ ഭൂരിഭാഗവും തകര ഷീറ്റുകൾ കൊണ്ട് നിർമിച്ച താൽക്കാലിക സ്വഭാവത്തിലുള്ള കടകളായിരുന്നു. ബന്ധപ്പെട്ട അധികാരികളുടെ പങ്കാളിത്തത്തോടെയാണ് കടകൾ നീക്കം ചെയ്തതെന്നും അൽശൈഖി പറഞ്ഞു.
ജിദ്ദ നഗരത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഗവർണറേറ്റിലുടനീളം നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി അതിെൻറ കാമ്പയിൻ തുടരുമെന്നും അൽശൈഖി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..