കനത്ത മഴ; 17 വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണം, പ്രധാന അറിയിപ്പുമായി ദുബൈ വിമാനത്താവളം
17 വിമാനങ്ങളാണ് റദ്ദാക്കിയത്.
ദുബൈ: യുഎഇയില്‍ തുടരുന്ന അസ്ഥിരമായ കാലാവസ്ഥ ദുബൈ വിമാനത്താവളത്തിന്റെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിച്ചു. ദുബൈ വിമാനത്താവളത്തിലേക്ക് എത്തുന്നതും അവിടെ നിന്നും പുറപ്പെടുന്നതുമായി ചില വിമാനങ്ങള്‍ വൈകി. 17 വിമാനങ്ങളാണ് റദ്ദാക്കിയത്.
ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിലേക്ക് എത്തുന്ന എട്ട് വിമാനങ്ങളും ഇന്ന് രാവിലെ റദ്ദാക്കി. മൂന്ന് വിമാനങ്ങള്‍ സമീപത്തെ എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ചു വിട്ടു. അതിലൊന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങിയതായും ദുബൈ എയര്‍പോര്‍ട്‌സ് പ്രസ്താവനയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ വിലപ്പെട്ട അതിഥികള്‍ക്കുണ്ടാകുന്ന അസൗകര്യം കുറയുന്നതിനായി സര്‍വീസ് പാര്‍ട്ണര്‍മാരുമായും എയര്‍ലൈനുകളുമായും സഹകരിച്ച് വരികയാണെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ചില വിമാനങ്ങള്‍ റദ്ദാക്കിയതായും ചിലത് വൈകുന്നതായും ഫ്‌ലൈ ദുബൈയും അറിയിച്ചു.
Read Also - റഹീമിന്‍റെ മോചനത്തിന് ഏതാനും കടമ്പകൾ കൂടി; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു
അതേസമയം യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ വിമാന യാത്രക്കാര്‍ക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു.
തിങ്കളാഴ്ചയാണ് വിമാനത്താവള അധികൃതര്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. എമിറേറ്റ്‌സ് എയര്‍ലൈന്‍, ഫ്‌ലൈ ദുബൈ എന്നീ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴ മൂലം ഗതാഗത തടസ്സം അനുഭവപ്പെടുന്നതിനാല്‍ യാത്രയ്ക്ക് കൂടുതല്‍ സമയം വേണ്ടി വരും. അതിനാല്‍ നേരത്തെ തന്നെ യാത്ര പുറപ്പെടണമെന്നും ചെക്ക് ഇന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അറിയിപ്പില്‍ പറയുന്നു. വിമാന യാത്രക്കാര്‍ വിമാന സമയത്തില്‍ മാറ്റമുണ്ടോയെന്ന് യാത്രയ്ക്ക് മുമ്പ് പരിശോധിച്ച് ഉറപ്പാക്കണം. അതാത് എയര്‍ലൈനുകളുടെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ പുതുക്കിയ സമയം അറിയാനാകും.