സോഷ്യല്‍ മീഡിയയിലൂടെ സദാചാര വിരുദ്ധ പ്രവൃത്തികള്‍; 15 പ്രവാസികളെ അറസ്റ്റ് ചെയ്തു
വിവിധ രാജ്യക്കാരായ സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കുവൈത്ത് സിറ്റി: വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 15 പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധവും സദാചാര വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തടയാനും ലക്ഷ്യമിട്ട് രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായതെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു.
വിവിധ രാജ്യക്കാരായ സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ പ്രവാസികള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുകയും അതിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‍തുവെന്നന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു.
അതേസമയം കുവൈത്തില്‍ തൊഴില്‍, താാമസ നിയമലംഘകരായ പ്രവാസികള്‍ക്കായി നടത്തിവരുന്ന പരിശോധനകള്‍ തുടരുന്നു. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ജൂണ്‍ മാസം നടന്ന പരിശോധനകളില്‍ ആകെ 922 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ രാജ്യത്തു നിന്ന് നാടുകടത്താനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...