തെലങ്കാന സ്വദേശികളാണ് കൊല്ലപ്പെട്ട രണ്ടുപേരും. ഇവർ ജോലി ചെയ്തിരുന്ന ബേക്കറിയിൽ വെച്ചാണ് കൊലപാതകം നടന്നത്

ദുബൈ: യുഎഇയിൽ രണ്ട് ഇന്ത്യൻ പ്രവാസികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെലങ്കാന നിർമൽ ജില്ലയിലെ സോഅൻ ​ഗ്രാമത്തിൽ നിന്നുള്ള അഷ്ടപു പ്രേംസാ​ഗർ (35), നിസാമാബാദ് സ്വദേശിയായ ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വാക്കു തർക്കത്തെ തുടർന്ന് കൂടെ ജോലി ചെയ്തിരുന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. പ്രതി പാകിസ്താനിയാണ്. 

കൊല്ലപ്പെട്ടവർ ദുബൈയിലുള്ള മോഡേൺ ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഈ മാസം 11ന് ഇവർ ജോലി ചെയ്തിരുന്ന ബേക്കറിയിൽ വെച്ചുതന്നെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇരുവരെയും പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ തെലങ്കാന സ്വദേശിയായ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

read more: ബാ​ഗിനുള്ളിൽ രഹസ്യ അറ, പരിശോധനയിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ, ഇറാഖിൽ നിന്നുള്ള സ്ത്രീ കുവൈത്തിൽ പിടിയിൽ

പ്രേംസാ​ഗർ കഴിഞ്ഞ ആറു വർഷത്തോളമായി മോഡേൺ ബേക്കറിയിൽ ജീവനക്കാരനാണ്. രണ്ടര വർഷം മുൻപാണ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഈ മാസം 12ന് ദുബൈയിൽ നിന്നും വാക്കുതർക്കത്തിനിടെ അന്യ രാജ്യക്കാരനായ ഒരാൾ പ്രേംസാ​ഗറിനെ കുത്തിക്കൊലപ്പെടുത്തിയതായി അറിയിച്ചുകൊണ്ട് ഒരു ഫോൺ കോൾ വന്നിരുന്നുവെന്ന് പ്രേംസാ​ഗറിന്റെ അമ്മാവൻ എ.പൊഷെട്ടി പറഞ്ഞു. ചെറിയ കുട്ടികളുണ്ട്, തന്നെ കൊല്ലരുതെന്ന് പറഞ്ഞ് യാചിച്ചിട്ടും പ്രതി നിരവധി തവണ കുത്തിയെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി പ്രേസാ​ഗറിന്റെ സഹോദരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം