രാമക്ഷേത്രം പരമാവധി വോട്ടാക്കണം, യോഗി ആദിത്യനാഥ് മഥുര വിട്ട് അയോധ്യയിലേക്ക്?

തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള വിശദമായ ചർച്ചയാണ് ദില്ലിയിൽ നടക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നടക്കുന്നത്. പത്ത് മണിക്കൂർ നീണ്ട യോഗമാണ് ദില്ലിയിൽ നടന്നത്. രാമക്ഷേത്രം നിർമിക്കുന്ന അയോധ്യയിൽ ബിജെപിയുടെ മുഖമായി ആദിത്യനാഥിനെ മത്സരിപ്പിച്ച് വോട്ട് വാരാനാണ് ബിജെപിയുടെ ആലോചന. 

Yogi Adityanath Might Contest From Ayodhya Instead Of Mathura Discussions On

ദില്ലി/ ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഥുരയിൽ നിന്ന് മത്സരിക്കേണ്ടെന്ന് ബിജെപി കോർ കമ്മിറ്റിയുടെ തീരുമാനം. അയോധ്യയിൽ യോഗിയെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. മഥുരയിൽ നിന്ന് ആദിത്യനാഥിനെ മാറ്റി നേരത്തേ മത്സരിച്ച ഗോരഖ് പൂരിലേക്ക് മാറ്റിയേക്കുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. 

തെരഞ്ഞെടുപ്പ് സംബന്ധിച്ച നിർണായക കോര്‍ കമ്മിറ്റി യോഗത്തിലാണ് യോഗി ആദിത്യനാഥിന്‍റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചർച്ചകള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള വിശദമായ ചർച്ചയാണ് ദില്ലിയിൽ നടക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നടക്കുന്നത്. പത്ത് മണിക്കൂർ നീണ്ട യോഗമാണ് ദില്ലിയിൽ നടന്നത്. രാമക്ഷേത്രം നിർമിക്കുന്ന അയോധ്യയിൽ ബിജെപിയുടെ മുഖമായി ആദിത്യനാഥിനെ മത്സരിപ്പിച്ച് വോട്ട് വാരാനാണ് ബിജെപിയുടെ ആലോചന. 

മഥുരയില്‍ നിന്ന് മത്സരിക്കാനുള്ള സാധ്യതയും പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും യോഗി അയോധ്യയില്‍ നിന്ന് മത്സരിക്കുന്നതാണ് ഉചിതമെന്നാണ് കോര്‍ കമ്മിറ്റിയുടെ അഭിപ്രായം. അയോധ്യയുടെ മുഖമായി യോഗി ആദിത്യനാഥിനെ അവതരിപ്പിക്കുന്നത് തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അയോധ്യയിലെ താഴെത്തട്ടിലുള്ള പ്രവർത്തകരില്‍ നിന്ന് ഇത് സംബന്ധിച്ച് പാര്‍ട്ടി അഭിപ്രായം തേടാൻ ആരംഭിച്ചിട്ടുണ്ട്. 

ബിജെപിക്ക് കനത്ത തിരിച്ചടിയായി ബിജെപി മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയായ സ്വാമി പ്രസാദ് മൗര്യയും മൂന്ന് എംഎൽഎമാരും മന്ത്രിസ്ഥാനം രാജിവച്ച് പാർട്ടി വിട്ട് സമാജ്‍വാദി പാർട്ടിയിൽ ചേർന്ന ഇന്നലെ തന്നെയാണ് രണ്ട് ദിവസത്തെ ബിജെപി കോർ കമ്മിറ്റിയും തുടങ്ങിയത്. യോഗത്തിന്‍റെ അധ്യക്ഷൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായായിരുന്നു. യുപി തെരഞ്ഞെടുപ്പ് ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ. പാർട്ടിയുടെ യുപി സംഘടനാ ജനറൽ സെക്രട്ടറി സുനിൽ ബൻസൽ, സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാനബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്നാണ് അമിത് ഷാ യോഗത്തിന്‍റെ അധ്യക്ഷനായത്. ജെ പി നദ്ദ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തിരുന്നു. 

കൂട്ടക്കൂടുമാറ്റം പ്രതിസന്ധി തന്നെ

എന്നാൽ എൻഡിഎ യുപി ക്യാബിനറ്റിലെ മുതിർന്ന മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയുടെ കൂടുമാറ്റത്തിലുള്ള പ്രതിസന്ധി ബിജെപിയിലുണ്ട്. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പില്‍ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ തെറ്റായ പ്രതീതിയുണ്ടാക്കുമോയെന്നതാണ് നേതൃത്വത്തിന്‍റെ ആശങ്ക. ഇതിനിടെ ഒരു ബിജെപി എംഎല്‍എ കൂടി പാർട്ടി വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേർന്നു. മീരാപൂരില്‍ നിന്നുള്ള വിമത എംഎല്‍എ ആയ അവതാര്‍ സിങ് ബധാന ആർഎല്‍ഡിയിലാണ് ചേർന്നത്. സമാജ്‍വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയാണ് ജയന്ത് ചൗധരിയുടെ ആർഎല്‍ഡി. 

സീറ്റ് വിതരണം സംബന്ധിച്ച വിശദമായി ചർച്ചകള്‍ നടത്താന്‍ സഖ്യകക്ഷികളുടെ യോഗം എസ്‍പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിളിച്ചിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകാതെ തന്നെ പ്രഖ്യാപിക്കും. യുപിയില്‍ എസ്പിയുമായി സഖ്യത്തില്‍ മത്സരിക്കുമെന്നും 13 എംഎല്‍എമാരെങ്കിലും ബിജെപിയില്‍ നിന്ന് എസ്പിയിലെത്തുമെന്നും എന്‍സിപി അധ്യക്ഷൻ ശരത് പവാർ പ്രഖ്യാപിച്ചു. ഇതിനിടെ ബിജെപിക്കെതിരെ നേരിട്ട് എറ്റുമുട്ടുന്നത് സമാജ്‍വാദി പാര്‍ട്ടിയാണെന്നും അതിനാല്‍ കോൺഗ്രസ് വിട്ട് എസ്പിയില്‍ ചേരുകയാണെന്നും കോണ്‍ഗ്രസ് എംഎല്‍എ മസൂദ് അക്തർ പ്രഖ്യാപിച്ചു. നേരത്തെ എഐസിസി സെക്രട്ടറി ഇമ്രാന്‍ മസൂദും എസിപിയില്‍ ചേർന്നിരുന്നു. 

403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ, 14, 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10-നാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios