'പരീക്ഷയെഴുതി; ജനങ്ങൾ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; വോട്ടിന് ശേഷം പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ
ഡിഎംകെ ജയിച്ചാൽ താൻ മന്ത്രിയാകുമോ എന്ന് നേതാക്കൾ തീരുമാനിക്കുമെന്നായിരുന്നു, ഭാവിയിൽ മന്ത്രിപദം പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചത്.
ചെന്നൈ: വോട്ട് രേഖപ്പെടുത്തലിനെ പരീക്ഷയോട് ഉപമിച്ച് ഉദയനിധി സ്റ്റാലിൻ. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം 'പരീക്ഷയെഴുതി' എന്നായിരുന്നു ഡിഎംകെ സ്ഥാനാർത്ഥിയായ ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ''ഓരോ സ്ഥാനാർത്ഥിയും ജയമാണ് പ്രതീക്ഷിക്കുന്നത്. ഞാനും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾ എന്നെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'' ഉദയനിധി പറഞ്ഞു. ഡിഎംകെ ജയിച്ചാൽ താൻ മന്ത്രിയാകുമോ എന്ന് നേതാക്കൾ തീരുമാനിക്കുമെന്നായിരുന്നു, ഭാവിയിൽ മന്ത്രിപദം പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചത്.
കരുണാനിധിയുടെ സ്മാരകം സന്ദർശിച്ചതിന് ശേഷമാണ് ഉദയനിധി സ്റ്റാലിൻ, എംകെ സ്റ്റാലിൻ, ദുർഗ സ്റ്റാലിൻ എന്നിവർ വോട്ടിംഗിനെത്തിയത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണ പരിപാടികളിൽ നടൻ കൂടിയായ ഉദയനിധി സജീവമായി പങ്കെടുത്തിരുന്നു. ചെപ്പോക്ക് മണ്ഡലത്തിലാണ് ഉദയനിധി സ്റ്റാലിന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.