അസമിൽ ഇക്കുറി കോൺഗ്രസ് സഖ്യം ബിജെപിയെ താഴെയിറക്കുമോ?
കഴിഞ്ഞകുറി വിഭജിച്ചു പോയ മുസ്ലിം വോട്ടുകൾ ഇത്തവണ ഒന്നിച്ച് സഖ്യത്തിന്റെ പെട്ടിയിൽ വീണാൽ, അത് ബിജെപിക്ക് ദോഷം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
മാർച്ച് 27 മുതൽ, 126 മണ്ഡലങ്ങളിൽ, മൂന്നു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, പുതിയ സഖ്യങ്ങൾ രൂപപ്പെട്ടു വരുന്നതോടെ ചിത്രം ഏറെ രസകരമാവുകയാണ്. 1950 -ൽ അസം സംസ്ഥാനം രൂപീകരിക്കപ്പെട്ട അന്നുതൊട്ട് ഇങ്ങോട്ട്, കോൺഗ്രസ്, ജനതാ പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി, അസം ഗണ പരിഷത്തും, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും ഒറ്റയ്ക്കും സഖ്യമായും ഒക്കെ സംസ്ഥാനം ഭരിച്ചിട്ടുണ്ട്.
ഇത്തവണ സഖ്യങ്ങൾ ഇങ്ങനെയാണ്. ഒരു വശത്ത്, നിലവിൽ സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ അസമിലെ ഭരണം കയ്യാളുന്ന ബിജെപി തങ്ങളുടെ സഖ്യം ചെറുതായി ഒന്ന് പരിഷ്കരിച്ചിട്ടുണ്ട്. 2016 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14 സീറ്റ് നേടിയ അസം ഗണ പരിഷത്ത് എന്ന ഘടക കക്ഷിയെ ഇത്തവണയും അവർ നിലനിർത്തിയപ്പോൾ, 12 സീറ്റ് നേടിയ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിനെ സഖ്യത്തിൽ നിന്ന് പുറത്താക്കി, അവർക്കു പകരം യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽസ് (UPPL) നെ സഖ്യത്തിലെടുത്തിട്ടുണ്ട്.
കോൺഗ്രസ് സഖ്യമുണ്ടാക്കിയിട്ടുള്ളത് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(AIUDF) എന്ന മുസ്ലിം പാർട്ടിയുമായിട്ടാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വേണ്ടിയാണ് തങ്ങൾ കോൺഗ്രസുമായി സഖ്യം ചേർന്നിരിക്കുന്നത് എന്നാണ് AIUDF ന്റെ അധ്യക്ഷൻ മൗലാനാ ബദറുദ്ദിൻ അജ്‌മല്‍ പറയുന്നത്. തങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് വർഗീയ പ്രചാരണങ്ങൾ ഉണ്ടാകാം എന്ന് പ്രതീക്ഷിച്ചാകും, ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന് തന്നെയാകും എന്ന് ഇപ്പോൾ തന്നെ മൗലാന വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി ഇക്കുറി 92 മണ്ഡലങ്ങളിൽ നേരിട്ട് മത്സരിക്കുന്നു. അസം ഗണ പരിഷത്ത് 26 മണ്ഡലങ്ങളിലും, യുപിപിഎൽ 8 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലേക്കായി കോൺഗ്രസ് 40 സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചിട്ടുണ്ട്. ഘടക കക്ഷിയായ എഐയുഡിഎഫ് 19 സ്ഥാനാർത്ഥികളുടെ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്.
ഈ രണ്ടു പ്രധാന കക്ഷികൾക്ക് പുറമെ, പൗരത്വ നിയമ ഭേദഗതിക്ക് എതിരായി രൂപം കൊണ്ട രണ്ടു പാർട്ടികൾ കൂടി ഇത്തവണ അസമിലെ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. മാസങ്ങൾക്ക് മുമ്പാണ് ആൾ അസം സ്റ്റുഡന്റസ് യൂണിയന്റെ ആശീർവാദത്തോടെ അസം ജാതീയ പരിഷത് എന്ന ഒരു പാർട്ടി രൂപീകരിക്കപ്പെട്ടത്. തുറുങ്കിൽ അടക്കപ്പെട്ട വിവരാവകാശ പ്രവർത്തകൻ അഖിൽ ഗോഗോയുടെ കൃഷക് മുക്തി സംഗ്രാം സമിതിയും റോയ്ജാർ ദോൾ എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി തുടങ്ങിയിട്ടുണ്ട്. ഈ രണ്ടു പാർട്ടികളും തെരഞ്ഞെടുപ്പിൽ പരസ്പരം പിന്തുണ പ്രഖ്യാപിച്ച് സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ട് അസമിൽ. രാഷ്ട്രീയത്തിൽ ഇപ്പോഴും ശൈശവ ദശയിൽ ആയ ഈ രണ്ടു പാർട്ടികളും ചുരുക്കം ചില മണ്ഡലങ്ങളിൽ കോൺഗ്രസ്, ബിജെപി പാളയങ്ങളിൽ നിന്ന് കുറച്ച് വോട്ടുകൾ അടർത്തി മാറ്റിയേക്കാം എങ്കിലും, തെരഞ്ഞെടുപ്പിനെ നിർണായകമായി സ്വാധീനിക്കാൻ ഇടയില്ല എന്നാണ് നിരീക്ഷകർ കരുതുന്നത്.
ഒന്നിക്കാൻ പോവുന്ന മുസ്ലിം വോട്ടുകൾ
അസമിൽ നിത്യേന ബിജെപിയുടെ വലിയ നേതാക്കളും താരപ്രചാരകരും ചേർന്ന് വലിയ ആൾക്കൂട്ടങ്ങളോട് കൂടിയ ജനസഭകൾ സംഘടിപ്പിക്കുന്നുണ്ട് എങ്കിലും, കോൺഗ്രസും തങ്ങളുടെ കൺവെൻഷനുകൾക്ക് വന്നെത്തുന്ന ജനക്കൂട്ടത്തിന്റെ വലിപ്പം വെച്ച് വമ്പിച്ച വിജയം തന്നെ നേടുമെന്ന് പ്രതീക്ഷിക്കുനുണ്ട്. എന്നാൽ, 2016 -ലെ അവസ്ഥയുമായി താരതമ്യപ്പെടുത്തി നോക്കിയാൽ ബിജെപിയുടെ അവസ്ഥ പരുങ്ങലിലാണ് എന്നാണ് നോർത്ത് ഈസ്റ്റ് നൗ ലേഖകൻ അനിർബൻ റായ് പറയുന്നത്. കോൺഗ്രസ് എഐയുഡിഎഫ് സഖ്യം കൂടി ഉണ്ടായതോടെ ബിജെപി ആകെ ആകെ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ തവണ ഈ രണ്ടു പാർട്ടികളും രണ്ടു പക്ഷത്തായതുകൊണ്ട് വിഭജിച്ചു പോയ മുസ്ലിം വോട്ടുകൾ ഇത്തവണ ഒന്നിച്ച് സഖ്യത്തിന്റെ പെട്ടിയിൽ വീണാൽ, അത് ബിജെപിക്ക് ദോഷം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഈ സഖ്യത്തെക്കുറിച്ച് ബിജെപി പാളയത്തിലുള്ള ആശങ്കകൾ തന്നെയാണ്, കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ നേട്ടങ്ങൾ എണ്ണിയെണ്ണി പറയുന്നതിനു പകരം, അവർ ഹിന്ദുത്വ, മുഗൾ ഭരണം വരും തുടങ്ങിയ കാർഡുകൾ എടുത്തു വീശുന്നത്തിലൂടെ വെളിപ്പെടുന്നത്.
2016 -ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് 31 % വോട്ടുകളാണ്. പതിനഞ്ചു വർഷമായി സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന തരുൺ ഗോഗോയ് സർക്കാരിനെ താഴെയിറക്കണം എന്ന ജനവികാരം കത്തി നിന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് അത്രയും വോട്ടുകൾ നേടി എന്നോർക്കണം. ബിജെപിക്ക് 29.5 % വോട്ട് മാത്രമേ കിട്ടിയുള്ളൂ എങ്കിലും കിട്ടിയ വോട്ടുകൾ കൂടുതൽ ഫലപ്രദമായി സീറ്റുകളാക്കി മാറ്റാൻ അവർക്ക് സാധിച്ചു. ബിജെപി 61 സീറ്റ് നേടിയപ്പോൾ, കോൺഗ്രസിന് 26 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളു. എന്നാൽ, തോറ്റ സീറ്റുകളിൽ ഒക്കെയും കോൺഗ്രസ് നടത്തിയത് ഇഞ്ചോടിഞ്ചു പോരാട്ടമാണ്. നേരിയ ഭൂരിപക്ഷത്തിനാണ് പല സീറ്റുകളിലും അവർക്ക് തോൽവി രുചിക്കേണ്ടി വന്നത്. അതിനു പ്രധാനപ്പെട്ട ഒരു കാരണം കോൺഗ്രസ് - എഐയുഡിഎഫ് പാർട്ടികൾ വെവ്വേറെ നിന്ന് മത്സരിച്ചപ്പോൾ ഉണ്ടായ മുസ്ലിം വോട്ടുകളുടെ വിഭജനം തന്നെയാണ്. ഇത്തവണ ഈ ഒരു കാര്യം ബിജെപിക്ക് ഗുണം ചെയ്ത ഒരു വിധം എല്ലാ സീറ്റുകളിലും ഇത്തവണ ഫലം മറിച്ചാകാൻ സാധ്യത കാണുന്നുണ്ട്.
ബിജെപിക്ക് തങ്ങളുടെ ഉരുക്കുകോട്ട എന്ന് അവർ അവകാശപ്പെടുന്ന ബരാക്ക് താഴ്‌വരയിൽ വരെ ഇത്തവണ അടിപതറാൻ ഇടയുണ്ട്. പതിനഞ്ചു സീറ്റുകളിൽ കഴിഞ്ഞ കുറി ജയിച്ചു കയറിയ അവിടെപ്പോലും ഇക്കുറി ബിജെപി വിയർക്കാൻ ഇടയുണ്ട്. 2019 ഓഗസ്റ്റ് മാസത്തോടെ പൂർത്തീകരിക്കപ്പെട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 19 ലക്ഷം പേരിലുള്ള, 12 ലക്ഷം ഹിന്ദു വോട്ടർമാർ ഇത്തവണ ബിജെപിയോട് എന്ത് മനോഭാവം സ്വീകരിക്കും എന്നതും തിരഞ്ഞെടുപ്പിനെ നിർണായകമായി സ്വാധീനിച്ചേക്കാം.
2016 വരെ അസം ഭരിച്ച 15 വർഷക്കാലവും മൗലാനാ ബദറുദ്ദിൻ അജ്‌മലിനേയും അദ്ദേഹത്തിന്റെ പാർട്ടിയെയും ഭരണത്തിന്റെ ഏഴയലത്തേക്ക് അടുപ്പിച്ചിട്ടില്ലാത്ത കോൺഗ്രസിന് അക്കാര്യത്തിൽ ഒരു പുനർ വിചിന്തനമുണ്ടാകുന്നത് 2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തോടെയാണ്. 'ആരാണീ മൗലാനാ ബദറുദ്ദിൻ അജ്‌മൽ?' എന്നു പരിഹസിക്കുക വരെ ചെയ്തിട്ടുണ്ട് തരുൺ ഗോഗോയ്. അതെ ഗോഗോയ് ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം മൗലാനയെ നേരിൽ ചെന്ന് കാണുകയും സഖ്യമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. 2016 -ൽ കോൺഗ്രസ് പക്ഷത്തുനിന്ന് ജയിച്ച 26 എംഎൽഎമാരിൽ 15 പേരും മുസ്‌ലിംകളായിരുന്നു. അതാണ് അന്ന് എഐയുഡിഎഫിന് പ്രതീക്ഷിച്ചത്ര സീറ്റുകൾ കിട്ടാതെ 13 എണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. അവർ വേറിട്ട് നിന്ന് പരസ്പരം പോരടിച്ച 12 മണ്ഡലങ്ങളിൽ എങ്കിലും ബിജെപി സ്ഥാനാർഥി വളരെ തുച്ഛമായ മാർജിനിൽ ജയിച്ചിട്ടുണ്ട്. അതൊക്കെ ഇത്തവണ തിരിച്ചു പിടിക്കാം എന്നാണ് കോൺഗ്രസ് പാളയം പ്രതീക്ഷിക്കുന്നത്.
ധ്രുവീകരണ തന്ത്രം വിജയിക്കുമോ ?
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപി പക്ഷത്തു നിന്ന് ഹിന്ദു മുസ്‌ലിം ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ കാര്യമായി നടക്കുന്നുണ്ട്. അതിനു കാരണം ഇതുവരെയുളള തെരഞ്ഞെടുപ്പുകളുടെ ഫലത്തിലെ ഒരു ട്രെൻഡ് ആണ്. ഇതുവരെ അസമിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ പരമാവധി ജയിച്ചുവന്നിട്ടുള്ള മുസ്ലിം എംഎൽഎമാരുടെ എണ്ണം 32 ആണ്. 2016 ലെ തെരഞ്ഞെടുപ്പിൽ ഇത് 26 ആണ്. ബാക്കി 100 എംഎൽഎ മാറും ഹിന്ദു സമുദായാംഗങ്ങളാണ്. അസമിലെ ജനങ്ങൾക്കിടയിൽ ഹിന്ദു-മുസ്ലിം വിദ്വേഷം ആളിക്കത്തിച്ച്, അതിനെ വോട്ടാക്കി മാറ്റി, ഈ നൂറ് സീറ്റുകളിൽ പരമാവധി നേടാനാവും ബിജെപിയുടെ ശ്രമം എന്നാണ് സുപ്രസിദ്ധ അസമീസ് പത്രപ്രവർത്തകൻ വൈകുണ്ഡ് നാഥ് ഗോസ്വാമി ബിബിസി ഹിന്ദിയോട് പറഞ്ഞത്.
എന്നാൽ 2020 നവംബറിൽ തരുൺ ഗോഗോയ് എന്ന ജനപ്രിയ നേതാവ് മരണപ്പെട്ട ശേഷം കോൺഗ്രസിൽ സമാനമായ വ്യക്തിപ്രഭാവമുള്ള നേതാക്കൾ കുറവാണ് എന്നത് കോൺഗ്രസിനെ ഈ ഘട്ടത്തിൽ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. 2015 -ൽ കോൺഗ്രസ് വിട്ടു ബിജെപിയിലേക്ക് പോയ ഹേമന്ത് ബിശ്വ ശർമ്മയെപ്പോലെ ജനപ്രിയ നേതാക്കൾ ഇപ്പോൾ കോൺഗ്രസ് നയിക്കുന്ന മഹാസഖ്യത്തിൽ ഇല്ല എന്നതാണ് സത്യം. തേയില തൊഴിലാളികളുടെ വേതനക്കാര്യത്തിൽ നിലനിൽക്കുന്ന തർക്കവും വലിയൊരു പ്രചാരണ വിഷയമാണ് ഇക്കുറി. പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനു തൊട്ടു മുമ്പായി തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി 167 -ൽ നിന്ന് ബിജെപി 217 ആക്കി വർദ്ധിപ്പിച്ചപ്പോൾ, തങ്ങൾ ഭരണത്തിലേറിയാൽ നിത്യേന 365 രൂപ കൂലി കൊടുക്കും എന്നാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും വാഗ്ദാനം ചെയ്തിട്ടുള്ളത്. പുതിയ സഖ്യങ്ങളും പുതിയ സമവാക്യങ്ങളുമായി അസമിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് അരങ്ങൊരുങ്ങുമ്പോൾ, അന്തിമനേട്ടം ആർക്കെന്ന് കാത്തിരുന്ന് കാണേണ്ടി വരും.