'വിരട്ടാൻ നോക്കേണ്ട', തെരഞ്ഞെടുപ്പ് കമ്മീഷനോട് മമത; ബംഗാളിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ നാലാംഘട്ട വോട്ടെടുപ്പ്
തൃണമൂൽ കോൺഗ്രസിന്‍റെ കോട്ടയാണ് ഭൂരിപക്ഷം മണ്ഡലങ്ങളും എന്നിരിക്കെ ഇവിടുത്തെ ഫലം പ്രധാനമാണ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലാണ് മുന്നണികൾ. അഞ്ചു ജില്ലകളിലെ നാൽപ്പത്തിനാലു സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ്. ഹൂഗ്ളി, ഹൗറ, സൗത്ത് 24 പർഗാനസ്, അലിപുർദ്വാർ, കൂച്ച്ബിഹാർ എന്നീ ജില്ലകളിലെ 44 സീറ്റുകളിലെ ജനങ്ങളാണ് നാളെ ബൂത്തിലെത്തുക.
തൃണമൂൽ കോൺഗ്രസിന്‍റെ കോട്ടയാണ് ഭൂരിപക്ഷം മണ്ഡലങ്ങളും എന്നിരിക്കെ ഇവിടുത്തെ ഫലം പ്രധാനമാണ്. നാലാംഘട്ട പ്രചാരണത്തിന്‍റെ അവസാന ദിവസങ്ങളിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമശനവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗ വോട്ട് വിഘടിക്കരുത് എന്ന പ്രസ്താവനയിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിനെതിരെ വിരട്ടാൻ നോക്കണ്ടെന്നാണായിരുന്നു മമതയുടെ പ്രതികരണം. എല്ലാവരും ഒന്നിച്ചു നിൽക്കണം എന്ന് ഇനിയും ആവശ്യപ്പെടും. നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്ര നോട്ടീസ് നല്കിയെന്നും മമത ചോദിച്ചു.
അതേസമയം ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ കലാശക്കൊട്ട് പ്രചാരണം. മമത ബാനർജിയെ പുറത്താക്കാൻ ജനം തീരുമാനിച്ചു കഴിഞ്ഞെന്നാണ് നദ്ദ പറഞ്ഞുവയ്ക്കുന്നത്. ഇതിനിടെ കൊൽക്കത്തയ്ക്കടുത്ത് പശ്ചിമ ബഹാല മണ്ഡലത്തിൽ നടൻ മിഥുൻ ചക്രവർത്തിയുടെ റോഡ് ഷോ നടത്താൻ പൊലീസ് അനുവദിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുന്നു എന്ന് ബഹാലയിലെ സ്ഥാനാർത്ഥിയും നടിയുമായ ശ്രാബന്തി ചാറ്റർജി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞിരുന്നു.