ഒരു ഇടത് എംഎല്‍എ പോലുമില്ലാതെ പശ്ചിമ ബംഗാള്‍; സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ സംഭവം
ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യമായ സഞ്ജുക്ത മോര്‍ച്ചയ്ക്ക് 294 അംഗ നിയമസഭയില്‍ നേടാനായത് രണ്ട് സീറ്റ് മാത്രമാണ്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഐഎസ്എഫും ചേരുന്നതാണ് ഈ സഖ്യം. സഖ്യത്തില്‍ നിന്ന് വിജയിക്കാനായത് കോണ്‍ഗ്രസിന്‍റെ നേപാള്‍ ചന്ദ്ര മഹതോയ്ക്കും ഐഎസ്എഫിന്‍റെ നൗഷാദ് സിദ്ദിഖിക്കുമാണ്.
കൊല്‍ക്കത്ത: ഒരു എം എല്‍എയെ പോലും നേടാനാവാതെ പശ്ചിമ ബംഗാളില്‍ ഇടത് പാര്‍ട്ടികള്‍. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായാണ് പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ഇടത് പ്രതിനിധി ഇല്ലാത്ത സാഹചര്യം വരുന്നത്. ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യമായ സഞ്ജുക്ത മോര്‍ച്ചയ്ക്ക് 294 അംഗ നിയമസഭയില്‍ നേടാനായത് രണ്ട് സീറ്റ് മാത്രമാണ്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഐഎസ്എഫും ചേരുന്നതാണ് ഈ സഖ്യം. സഖ്യത്തില്‍ നിന്ന് വിജയിക്കാനായത് കോണ്‍ഗ്രസിന്‍റെ നേപാള്‍ ചന്ദ്ര മഹതോയ്ക്കും ഐഎസ്എഫിന്‍റെ നൗഷാദ് സിദ്ദിഖിക്കുമാണ്. പുരുലിയ ജില്ലയിലെ ബാഗ്മുണ്ടിയില്‍ നിന്നാണ് നേപാള്‍ ചന്ദ്ര ജയിച്ച് കയറിയത് അതേസമയം ഭാന്ഗറില്‍ നിന്നാണ് നൗഷാദ് സിദ്ദിഖിയുടെ ജയം.
കഴിഞ്ഞ 30 വര്‍ഷത്തോളമായി നടക്കുന്ന ഇടത് പാര്‍ട്ടികളുടെ ക്ഷയം ഇതോടെ പൂര്‍ത്തിയായി. വോട്ടുകളുടെ ധ്രുവീകരണമാണ് പരാജയത്തിന് കാരണമായതെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ ആരോപിക്കുന്നത്. പണത്തിന്‍റെ അധികാരത്തിലും കൃത്രിമത്വങ്ങള്‍ക്കിടയിലും ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. വര്‍ഗീയ ധ്രുവീകരണമെന്ന ആശയം പശ്ചിമ ബംഗാളിലെ ജനങ്ങള്‍ തള്ളി. ബിജെപിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശക്തമായ ധ്രുവീകരണം നേരിട്ടു. ഞങ്ങളുടെ അണികള്‍ പോലും ബിജെപിയെ എതിര്‍ക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുവെന്നാണ് മനസിലാക്കുന്നത്. ഇത് തൃണമൂലിനോട് വിജയ സാധ്യതയുള്ള ഇടത് സീറ്റുകള്‍ പോലും നഷ്ടമാകാന്‍ കാരണമായതായി മുതിര്‍ന്ന സിപിഎം നേതാവ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.
എന്നിരുന്നാലും ജനത്തിന് വേണ്ടിയുള്ള ഞങ്ങളുടെ പ്രവര്‍ത്തനം തുടരുകയാണ്. കൊവിഡ് ബാധിച്ച ജനങ്ങള്‍ക്ക് അവശ്യമായ കാര്യങ്ങള്‍ ചെയ്യുകയാണ് പ്രവര്‍ത്തകര്‍. യുവജനത്തിന് ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം തുടരുമെന്നും സിപിഎം മുതിര്‍ന്ന നേതാവ് പറയുന്നു. മുസ്ലിം വിഭാഗത്തില്‍ ഭീതി ജനിപ്പിക്കാന്‍ മമത ബാനര്‍ജിക്ക് സാധിച്ചുവെന്നാണ് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ ചൗധരി പറയുന്നത്. ബിജെപിക്കെതിരായ നിരന്തര പോരാട്ടം നടത്തുന്നത് തങ്ങളാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിനായില്ല. വിഭജിച്ചുള്ള രാഷ്ട്രീയം തങ്ങള്‍ക്ക് ദുഷ്കരമാണെന്നാണ് കോണ്‍ഗ്രസ് വിശദമാക്കുന്നത്. വിദ്യാര്‍ത്ഥി നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള ഇടത് പരീക്ഷണവും വിജയിച്ചില്ല. ജമൂരിയയില്‍ മത്സരിച്ച ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് മൂന്നാം സ്ഥാനത്താണ് എത്തിയത്. 14.8 ശതമാനം വോട്ടുകള്‍ മാത്രമാണ് ഐഷി ഘോഷിന് നേടാനായത്. മറ്റ് യുവ നേതാക്കളായ ദിപ്സിത ധര്‍, മിനാക്ഷി മുഖര്‍ജി, ശ്രീജന്‍ ഭട്ടാചാര്യയും പരാജയത്തിന്‍റെ ചൂടറിഞ്ഞു. മുതിര്‍ന്ന സിപിഎം നേതാക്കളായ സുജന്‍ ചക്രബര്‍ത്തി, അശോക് ഭട്ടാചാര്യ, സുശാന്ത ഘോഷ്, കാന്തി ഗാംഗുലി എന്നിവരും പരാജയപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona