സൈക്കിളില്‍ എത്തിയത് നിലപാട് പ്രഖ്യാപനമോ? പ്രതികരണവുമായി വിജയ്‍യുടെ വക്താവ്

സൈക്കിളിലാണ് അദ്ദേഹം വോട്ടു ചെയ്യാന്‍ എത്തിയത്. ഇത് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിജയ്‍യുടെ നിലപാടാണെന്നും ഇന്ധന വിലവര്‍ധനവിനെതിരെയുള്ള അഭിപ്രായപ്രകടനമാണെന്നുമൊക്കെ വിലയിരുത്തലുകള്‍ ഉണ്ടായി

vijay team clarifies his decision to reach polling booth on a bicycle

തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളായ രജിനീകാന്ത്, കമല്‍ഹാസന്‍, അജിത്ത്‍കുമാര്‍ എന്നിവരൊക്കെ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. എന്നാല്‍ വാര്‍ത്താ തലക്കെട്ടുകളിലും സോഷ്യല്‍ മീഡിയയിലും ഏറ്റവുമധികം ഇടംപിടിച്ചത് പോളിംഗ് ബൂത്തിലേക്കുള്ള നടന്‍ വിജയ്‍യുടെ വരവായിരുന്നു. സൈക്കിളിലാണ് അദ്ദേഹം വോട്ടു ചെയ്യാന്‍ എത്തിയത്. ഇത് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിജയ്‍യുടെ നിലപാടാണെന്നും ഇന്ധന വിലവര്‍ധനവിനെതിരെയുള്ള അഭിപ്രായപ്രകടനമാണെന്നുമൊക്കെ വിലയിരുത്തലുകള്‍ ഉണ്ടായി. എന്നാല്‍ വിജയ് സൈക്കിളിലെത്താനുള്ള കാരണം വ്യക്തിമാക്കി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍. 

നീലങ്കരൈയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന് വീടിനു സമീപമായിരുന്നു ബൂത്തെന്നും കാറിലെത്തിയാല്‍ പാര്‍ക്ക് ചെയ്യാന്‍ അസൗകര്യം ഉണ്ടാവും എന്നിതിനാലാണ് യാത്രയ്ക്ക് സൈക്കിള്‍ തിരഞ്ഞെടുത്തതെന്നും വിജയ്‍യുടെ പബ്ലിസിറ്റി വിഭാഗം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു- "അദ്ദേഹത്തിന്‍റെ വീടിനു പിന്നിലുള്ള തെരുവിനോട് ചേര്‍ന്നാണ് ഈ പോളിംഗ് ബൂത്ത്. അതൊരു ഇടുങ്ങിയ സ്ഥലമായതിനാല്‍ അദ്ദേഹത്തിന്‍റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്യുക ബുദ്ധിമുട്ടാവും. അതിനാലാണ് അദ്ദേഹം ബൂത്തിലേക്കെത്താന്‍ സൈക്കിള്‍ തിരഞ്ഞെടുത്തത്. അതല്ലാതെ മറ്റ് ഉദ്ദേശങ്ങളൊന്നും ഇതിനു പിന്നില്‍ ഇല്ല", വിജയ്‍യുടെ ടീം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

വിജയ്‍ സൈക്കിളിലെത്തുന്നതു കണ്ട ആവേശത്തില്‍ വലിയൊരു സംഘം ചെറുപ്പക്കാര്‍ ബൈക്കിള്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. സ്ഥലത്ത് വന്‍ തിരക്ക് ആയതോടെ വോട്ടിംഗിനു ശേഷം തന്‍റെ ഓഫീസ് ജീവനക്കാരനൊപ്പം ബൈക്കിലാണ് വിജയ് തിരിച്ചുപോയത്. മിനിറ്റുകള്‍ക്കുള്ളിലാണ് വിജയ് സൈക്കിളില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.  
 

Latest Videos
Follow Us:
Download App:
  • android
  • ios