ശിശിര്‍ അധികാരിയും തൃണമൂല്‍ വിടുമോ?; ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി
അമിത് ഷായുടെ റാലിയിലേക്ക് ക്ഷണിക്കാനാണ് മാന്‍സുഖ് ശിശിര്‍ അധികാരിയെ സന്ദഗര്‍ശിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിശിര്‍ അധികാരിയെ മാന്‍സുഖ് സന്ദര്‍ശിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ശിശിര്‍ അധികാരിയുടെ മകനുമായ ദിവ്യേന്ദു അധികാരിയും സ്ഥിരീകരിച്ചു.
കൊല്‍ക്കത്ത: സുവേന്ദു അധികാരിയുടെ പിതാവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ ശിശിര്‍ അധികാരിയും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം. ബിജെപി നേതാവ് മാന്‍സുഖ് മാണ്ട്‌വിയയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ. എഗ്രയില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായി. മാര്‍ച്ച് 24നാണ് റാലി. അമിത് ഷായുടെ റാലിയിലേക്ക് ക്ഷണിക്കാനാണ് മാന്‍സുഖ് ശിശിര്‍ അധികാരിയെ സന്ദഗര്‍ശിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശിശിര്‍ അധികാരിയെ മാന്‍സുഖ് സന്ദര്‍ശിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ശിശിര്‍ അധികാരിയുടെ മകനുമായ ദിവ്യേന്ദു അധികാരിയും സ്ഥിരീകരിച്ചു. അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് നാളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ശക്തനായ എതിരാളിയാണ് സുവേന്ദു അധികാരി. സുവേന്ദു അധികാരി മുമ്പ് മമതയുടെ വിശ്വസ്തനായിരുന്നു. എന്നാല്‍ പാര്‍ട്ടി മാറി ബിജെപിയിലെത്തി. അദ്ദേഹത്തിന്റെ പിതാവും സഹോദരനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരാണ്.
സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കാനുള്ള മമതയുടെ തീരുമാനത്തെ വിമര്‍ശിച്ച് ശിശിര്‍ അധികാരി രംഗത്തെത്തിയിരുന്നു.