തമിഴ്നാട് തെരഞ്ഞെടുപ്പ്; ദോശ ചുട്ടും പൊറോട്ടയുണ്ടാക്കിയും തുണിയലക്കിയും പ്രചാരണം സജീവമാക്കി സ്ഥാനാർത്ഥികൾ
234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -ഡി.എം.കെ സഖ്യവും ബി.ജെ.പി -എ.ഐ.ഡി.എം.കെ സഖ്യവും തമ്മിലാണ് പ്രധാന
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊറോട്ടയുണ്ടാക്കി വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർത്ഥി. എഐഎഡിഎംകെ സ്ഥാനാർത്ഥി ചിന്നയ്യയാണ് തന്റെ നിയോജകമണ്ഡലത്തിലെ റെസ്റ്റോറന്റിലെത്തി പൊറോട്ടയുണ്ടാക്കി വോട്ട് അഭ്യർത്ഥിച്ചത്. തമ്പാരം നിയോജകമണ്ഡലത്തിൽ നിന്നാണ് ചിന്നയ്യ മത്സരിക്കുന്നത്. ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് ഫലമറിയാം. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -ഡി.എം.കെ സഖ്യവും ബി.ജെ.പി -എ.ഐ.ഡി.എം.കെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
വ്യത്യസ്തമായ രീതിയിൽ വോട്ട് അഭ്യർത്ഥിച്ചാണ് തമിഴ്നാട്ടിലെ സ്ഥാനാർത്ഥികൾ ശ്രദ്ധേയരാകുന്നത്. നടിയും ബിജെപി സ്ഥാനാർത്ഥിയുമായി ഖുശ്ബു തട്ടുകടയിൽ ദോശ ചുട്ടാണ് വോട്ട് ചോദിച്ചത്. നാഗപട്ടണത്തെ അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയായ തങ്ക കതിരവൻ വോട്ടറുടെ വസ്ത്രം അലക്കി വോട്ട് അഭ്യർത്ഥിച്ചു. അദ്ദേഹം തുണിയലക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ജയിച്ചാൽ വാഷിംഗ് മെഷീൻ നൽകുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. കഴിഞ്ഞദിവസം എ.ഐ.ഡി.എം.കെ സ്ഥാനാർഥിയും മന്ത്രിയുമായ എസ്.പി. വേലുമണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗ അധ്യാപകൻ തലകുത്തിനിന്ന് കാർ കെട്ടിവലിച്ചിരുന്നു.