സ്റ്റാലിന്റെ മന്ത്രിസഭയില്‍ 'ഗാന്ധിയും, നെഹ്റുവും'; നിയമസഭയില്‍ ബിജെപിക്കാരനായി മറ്റൊരു 'ഗാന്ധി'
ആർ. ഗാന്ധി, കെ.എൻ. നെഹ്റു എന്നിവരാണു മന്ത്രിമാർ. ആർ. ഗാന്ധി സ്റ്റാലിൻ മന്ത്രിസഭയിൽ ടെക്സ്റ്റെയിൽ മന്ത്രിയാണ്. കെഎൻ നെഹ്റു മുനിസിപ്പൽ ഭരണ വകുപ്പാണ് കൈയ്യാളുക.
ചെന്നൈ: പേരിലെ അപൂര്‍വ്വതയുമായി തമിഴ്നാട് നിയമസഭയില്‍ ഇത്തവണ രണ്ടു ഗാന്ധിമാരും ഒരു നെഹ്റുവും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു കീഴിൽ ഒരു ഗാന്ധിയും നെഹ്റുവും മന്ത്രിമാരുമായി. ആർ. ഗാന്ധി, കെ.എൻ. നെഹ്റു എന്നിവരാണു മന്ത്രിമാർ. ആർ. ഗാന്ധി സ്റ്റാലിൻ മന്ത്രിസഭയിൽ ടെക്സ്റ്റെയിൽ മന്ത്രിയാണ്. കെഎൻ നെഹ്റു മുനിസിപ്പൽ ഭരണ വകുപ്പാണ് കൈയ്യാളുക.
തിരുച്ചിറപ്പള്ളി വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നെഹ്റു തെരഞ്ഞെടുക്കപ്പെട്ടത്. റാണിപേട്ടിൽ നിന്നാണ് ആർ. ഗാന്ധി വിജയിച്ചത്. അതേ സമയം നിയമസഭയിലെ മറ്റൊരു ഗാന്ധി ബിജെപി അംഗമാണ്. എം.ആർ. ഗാന്ധി നാഗർകോവിൽ മണ്ഡലത്തിൽ നിന്നാണു വിജയിച്ചത്.
അതേ സമയം തമിഴ്നാട് മുഖ്യമന്ത്രിയുടെ പേരില്‍ തന്നെ കൗതുകമുണ്ട്. കമ്യുണിസ്റ്റ് ആശയങ്ങളോടുള്ള താത്പര്യം മൂലമാണു സോവ്യറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ പേര് കരുണാനിധി തന്റെ മകനു നല്‍കിയത്.
സ്വാതന്ത്ര്യ ത്തിനുശേഷം തമിഴ്നാട്ടിൽ നിരവധി പേർക്ക് ബോസ് എന്നു പേരുണ്ടായി. സ്വാതന്ത്ര്യസമരസേനാനി സുഭാഷ് ചന്ദ്ര ബോസിൽനിന്നാണ് ആ പേരുണ്ടായത്. ഗാന്ധി, നെഹ്റു, ജവഹർ തുടങ്ങിയ പേരുകളെല്ലാം തമിഴ്നാട്ടിൽ സർവസാധാരണമാണ്.