തമിഴ്നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി
ദിണ്ടിഗൽ അണ്ണാഡിഎംകെ സ്ഥാനാർത്ഥി എൻ ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്. മുതിർന്ന നേതാവും തമിഴ്നാട് മുൻമന്ത്രി കൂടിയാണ് എൻ ആർ വിശ്വനാഥൻ.
ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി. ദിണ്ടിഗല്‍ സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ എന്‍ ആര്‍ വിസ്വനാഥനാണ് പണം വിതരണം ചെയ്തത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഡിഎംകെയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടങ്ങി.
പ്രചാരണത്തിനായി എത്തുന്ന വിശ്വനാഥനെ സ്വീകരിക്കാന്‍ കാത്തുനിന്ന സ്ത്രീകളുടെ മുന്നില്‍വച്ചിരുന്ന താലത്തിലേക്കാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ നോട്ട് ഇടുന്നത്. ഒരാള്‍ക്ക് രണ്ടായിരം രൂപ വീതമാണ് വിതരണം ചെയ്തത്. വീടുകള്‍ തോറുമുള്ള പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥി ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്ന് പണം എടുത്ത് വീട്ടുകാര്‍ക്ക് നല്‍കി. പ്രദേശവാസികള്‍ കഷടതകള്‍ അറിയിച്ചപ്പോള്‍ സഹായിച്ച് മാത്രമെന്നാണ് അണ്ണാഡിഎംകെ വിശദീകരണം.
എന്നാല്‍ വോട്ടിന് പണം നല്‍കിയതെന്ന് തെളിഞ്ഞെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജില്ലാ കളക്ടര്‍ എം വിജയലക്ഷ്മി റിട്ടേണിങ്ങ് ഓഫീസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. എന്നാല്‍ പാര്‍ട്ടിയെ അപീകീര്‍ത്തിപ്പെടുത്തി വോട്ടുനേടാനാണ് ഡിഎംകെ ശ്രമമെന്നാണ് അണ്ണാഡിഎംകെ വാദം. ജയലളതിയുടെ മരണത്തിന്‍റെ കാരണക്കാര്‍ ഡിഎംകെയെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആരോപിച്ചു.