ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; വോട്ടു ചെയ്യാന്‍ സൈക്കിളിലെത്തി വിജയ്
നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.
ചെന്നൈ: സിനിമയും രാഷ്ട്രീയവും ഏറെ കെട്ട് പിണഞ്ഞ് കിടക്കുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട്. ഏറ്റവും ഒടുവിലായി കമലാഹസനും രജനീകാന്തും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നെങ്കിലും രജനീകാന്ത് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് പിന്‍മാറിയിരുന്നു. എന്നാല്‍ ശക്തമായ നിലപാടുകളോടെ കമലാഹസന്‍ തമിഴ്‍നാടിന്‍റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കാന്‍ മത്സരരംഗത്തുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് ഇളയ ദളപതി വിജയ് സമ്മതിദാനം ഉപയോഗിക്കാനായി ബൂത്തിലെത്തിയ ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ നിമിഷങ്ങള്‍ക്കകം തരംഗമായി.
കറുത്ത മാസ്കണിഞ്ഞ് സൈക്കിള്‍ ചവിട്ടിയാണ് വിജയ് തന്‍റെ സമ്മതിദാനം ഉപയോഗിക്കാനായെത്തിയത്. തമിഴ്നാട് തെരഞ്ഞെടുപ്പിലെ പോളിംഗ് ദിനത്തിൽ തന്നെ വിജയ് സൈക്കിളിൽ വോട്ടു ചെയ്യാനെത്തിയത് പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണെന്ന് നീരീക്ഷകര്‍ വിലയിരുത്തുന്നു. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.