നന്ദിഗ്രാമില്‍ പൊടിപാറും; മമതക്കെതിരെ മത്സരിക്കുന്നത് സുവേന്ദു അധികാരി

ഡിസംബറിലാണ് ഗതാഗത, പരിസ്ഥിതി മന്ത്രിയായിരുന്ന സുവേന്ദു സ്ഥാനം രാജിവെച്ചത്. പിന്നീട് അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. പിന്നാലെ അധികാരിയെ പിന്തുണക്കുന്ന നിരവധി നേതാക്കളും ബിജെപിയിലെത്തി. വെള്ളിയാഴ്ചയാണ് മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് അറിയിച്ചത്.
 

Suvendu Adhikari will contest Nandigram Against Mamata Banerjee

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി 57 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരി മത്സരിക്കും. നന്ദിഗ്രാമിലെ ഭൂസമരകാലത്ത് മമതാബാനര്‍ജിയുടെ വലംകൈയും വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റാണ് നന്ദിഗ്രാം. സിപിഎം വിട്ടുവന്ന തപസ്വി മണ്ഡലാണ് ഹല്‍ദിയയില്‍ ബിജെപി സ്ഥാനാര്‍ത്ഥി.ദേവ്റ സീറ്റിൽ രണ്ട് ഐപിഎസ് ഓഫീസർമാരും ബിജെപിക്കായി കളത്തിലിറങ്ങും. 

ഡിസംബറിലാണ് ഗതാഗത, പരിസ്ഥിതി മന്ത്രിയായിരുന്ന സുവേന്ദു സ്ഥാനം രാജിവെച്ചത്. പിന്നീട് അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. പിന്നാലെ അധികാരിയെ പിന്തുണക്കുന്ന നിരവധി നേതാക്കളും ബിജെപിയിലെത്തി. വെള്ളിയാഴ്ചയാണ് മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് അറിയിച്ചത്. നേരത്തെ രണ്ട് സീറ്റില്‍ മത്സരിക്കുമെന്ന് അറിയിച്ച മമത, പിന്നീട് ബിജെപി വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ മാത്രം ജനവിധി തേടാന്‍ തീരുമാനിക്കുകയായിരുന്നു.

മമതയുടെ സിറ്റിങ് സീറ്റായ ഭവാനിപുരില്‍ ഊര്‍ജമന്ത്രി സൊവന്‍ദേബ് ചക്രബൊര്‍ത്തി മത്സരിക്കും. മമതയുടെ തീരുമാനം ബൂമറാങ്ങാകുമെന്ന് സുവേന്ദു അധികാരിയുടെ പിതാവും തൃണമൂല്‍ എംപിയുമായ ശിശിര്‍ അധികാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൂര്‍ബ മിഡ്‌നാപുര്‍ ജില്ലയില്‍ അധികാരി കുടുംബത്തിന് വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരിക്കും ഇവരുടേത്. മമതയെ അമ്പതിനായിരം വോട്ടിന് തോല്‍പ്പിക്കുമെന്നും ഇല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു.

സുവേന്ദു അധികാരിയുടെ സഹോദരന്‍ ദിവ്യേന്ദു അധികാരിയും തൃണമൂല്‍ എംപിയാണ്. മറ്റൊരു മകനായ സൗമേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2007ലെ നന്ദിഗ്രാം സമരമാണ് ബംഗാളില്‍ ഇടതുപക്ഷത്തിന്റെ അടിവേര് ഇളക്കിയത്. പിന്നീട് നന്ദിഗ്രാമിലെ മികച്ച വിജയത്തോടൊപ്പം 2011ല്‍ മമത അധികാരത്തിലേറി.

നന്ദിഗ്രാമിലെ തൃണമൂലിന്റെ വളര്‍ച്ചക്ക് കാരണമായത് സുവേന്ദു അധികാരിയുടെ പ്രവര്‍ത്തനമായിരുന്നു. നന്ദിഗ്രാമിലെ സിപിഎം-കോണ്‍ഗ്രസ്-ഐഎസ്എഫ് സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐഎസ്എഫ് നേതാവായ അബ്ബാസ് സിദ്ദിഖിയുടെ കുടുംബത്തിലെ ആരെങ്കിലും ഒരാളായിരിക്കും നന്ദിഗ്രാമില്‍ ജനവിധി തേടുകയെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ നന്ദിഗ്രാമിലെ പോരാട്ടത്തിന് ഇരട്ടി മൂര്‍ച്ചയായിരിക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios