വോട്ടര്‍ പട്ടികയില്‍ ഇടം നേടാതെ ശശികല; ചതിയെന്ന് അനുയായികള്‍
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴി വി കെ ശശികലയുടെ പേരും വോട്ടര്‍ പട്ടികയിലില്ല. ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍ നിന്ന് നീക്കിയ പത്തൊമ്പത് വോട്ടര്‍മാരുടെ പേരിനൊപ്പം വി കെ ശശികലയും ഉള്‍പ്പെട്ടു.
തെരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറുകളിലും വോട്ടര്‍ പട്ടികയില്‍ പേരു കാണാത്തതിന്‍റെയും പോസ്റ്റല്‍ വോട്ട് അവസരം നഷ്ടമായതിന്‍റെയും പരാതി ഉയരുമ്പോള്‍ തമിഴ്നാട്ടിലേയും സ്ഥിതി വ്യത്യസ്തമല്ല. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴി വി കെ ശശികലയുടെ പേരും വോട്ടര്‍ പട്ടികയിലില്ല. ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍ നിന്ന് നീക്കിയ പത്തൊമ്പത് വോട്ടര്‍മാരുടെ പേരിനൊപ്പം വി കെ ശശികലയും ഉള്‍പ്പെട്ടു. ശശികലയുടെ ബന്ധു ജെ ഇളവരസിയുടേയും പേരും നീക്കിയിട്ടുണ്ട്. തൗസന്‍ഡ് ലൈറ്റ്സ് നിയോജക മണ്ഡലത്തിലാണ് പോയസ് ഗാര്‍ഡന്‍ ഉള്‍പ്പെടുന്നത്.
തമിഴ്നാട്ടില്‍ ഏറെ സുപ്രധാനമായ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൗസന്‍ഡ് ലൈറ്റ്സ്. പോയസ് ഗാര്‍ഡനെ സ്മൃതി മണ്ഡപമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതിനേത്തുടര്‍ന്നാണ് ശശികലയുടെ പേര് നീക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇളവരസിയുടെ മകന്‍ വിവേക് ജയറാം വോട്ടര്‍പട്ടികയില്‍ ഇടം നേടി. മറ്റൊരു അഡ്രസില്‍ നിന്നാണ് വിവേക് ജയറാം വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത്. 2019ല്‍ ജയിലില്‍ ആയിരുന്നതിനാല്‍ ശശികലയുടെ പേര് പട്ടികയില്‍ ഉണ്ടോയെന്നത് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തെത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതോടെ പട്ടികയില്‍ പേരില്ലെന്നത് ശ്രദ്ധിക്കുന്നത്. ജയിലില്‍ നിന്ന് വിട്ടയച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും പട്ടിക അതിനോടകം പൂര്‍ത്തിയാക്കി പ്രസിദ്ധപ്പെടുത്തിയിരുന്നു. ശശികലയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയതില്‍ രൂക്ഷമായാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗം പ്രതികരിക്കുന്നത്.
വോട്ടറെ വിവരം അറിയിക്കാതെ എങ്ങനെ പേര് നീക്കാനാവുമെന്നാണ് തൗസന്‍ഡ് ലൈറ്റ്സ് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ എന്‍ വൈദ്യനാഥന്‍ ചോദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വേദ നിലയം ഏറ്റെടുത്തപ്പോഴെ ശശികലയുടെ പേര് പട്ടികയില്‍ നിന്ന് നീക്കുന്ന വിവരം ജയിലിലായിരുന്ന ശശികലയ്ക്ക് നല്‍കിയെന്നാണ് ശശികലയുടെ അനുയായി രാജ സെന്തൂര്‍ പാണ്ഡ്യന്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ചാണ് ശശികലയുടെ പേര് നീക്കിയതെന്നാണ് വൈദ്യനാഥന്‍ അഴകാശപ്പെടുന്നത്. മുഖ്യമന്ത്രി ആക്കിയ ആളോട് തന്നെയുള്ള കൊടും ചതിയാണ് നീക്കമെന്നാണ് വൈദ്യനാഥന്‍ ആരോപിക്കുന്നത്.