വിജയത്തിനായി മമത ബിജെപി നേതാവിന്റെ സഹായം തേടിയെന്ന് ആരോപണം; ഓഡിയോ ടേപ്പ് പുറത്തുവിട്ടു
നന്ദിഗ്രാമില്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ തൃണമൂല്‍ നേതാവ് പ്രളായ് പാലിലെ തിരികെ ക്ഷണിക്കുന്നതും തന്റെ വിജയത്തിനായി സഹായിക്കണമെന്നുമാണ് മമത ആവശ്യപ്പെട്ടതെന്നും ബിജെപി ആരോപിച്ചു.
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമിലെ തന്റെ വിജയത്തിനായി ബിജെപി നേതാവിന്റെ സഹായം തേടിയെന്ന് ബിജെപിയുടെ ആരോപണം. മമതാ ബാനര്‍ജിയുടേതാണെന്ന് അവകാശപ്പെട്ട് ഓഡിയോ ടേപ്പും ബിജെപി പുറത്തുവിട്ടു. നന്ദിഗ്രാമില്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ തൃണമൂല്‍ നേതാവ് പ്രളായ് പാലിലെ തിരികെ ക്ഷണിക്കുന്നതും തന്റെ വിജയത്തിനായി സഹായിക്കണമെന്നുമാണ് മമത ആവശ്യപ്പെട്ടതെന്നും ബിജെപി ആരോപിച്ചു. പിടിഐയാണ് സംഭവം റിപ്പോര്ട്ട് ചെയ്തത്.. സുവേന്ദു അധികാരിയാണ് നന്ദിഗ്രാമില്‍ മമതക്കെതിരെ മത്സരിക്കുന്നത്.
ഓഡിയോ ടേപ്പ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറി. മുഖ്യമന്ത്രിയെന്ന അധികാരം ഉപയോഗിച്ച് മമതാ ബാനര്‍ജി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയാണെന്ന് ബിജെപി പരാതിയില്‍ പറയുന്നു. എന്നാല്‍, ഓഡിയോയുടെ ആധികാരികത ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രളായ് പാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നെന്നും ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹത്തെ തിരികെ ക്ഷണിക്കുന്നതില്‍ എന്താണ് തെറ്റെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ചു.
മമതാ ബാനര്‍ജി തന്നെ വിളിച്ച് നന്ദിഗ്രാമില്‍ ജയിക്കുന്നതിനായി സഹായം തേടിയെന്ന് പ്രളായ് പാല്‍ പറഞ്ഞു. അധികാരി കുടുംബത്തോട് വിശ്വസ്തത പുലര്‍ത്തുന്ന നേതാവാണ് പ്രളായ് പാല്‍. ഓഡിയോ ടേപ്പ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ബംഗാളില്‍ ശനിയാഴ്ച തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 30 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിന് നടക്കും.