പൗരത്വ ഭേദഗതി നടപ്പാക്കില്ല, വീട്ടമ്മമാര്‍ക്ക് മാസം 2000 കോൺഗ്രസിന്റെ അസാമിലെ പ്രകടന പത്രിക
എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപ വീതം നൽകുമെന്നും അഞ്ചിന വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുന്ന പ്രകടനപത്രികയിൽ പറയുന്നു.
ഗോഹട്ടി: അസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. ഗോഹട്ടിയിലെ കോൺഗ്രസ് ഓഫീസിൽ വച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പൗരത്വ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രകടനപത്രികയിൽ പറയുന്നു. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും.
എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപ വീതം നൽകുമെന്നും അഞ്ചിന വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുന്ന പ്രകടനപത്രികയിൽ പറയുന്നു. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും, തെയിലത്തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 365 രൂപയാക്കി ഉയർത്തും, സർക്കാർ മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നിവയും പ്രകടനപത്രികയിൽ പറയുന്നു.
ഇന്ത്യയുടെയും അസമിന്റെയും വൈവിധ്യമാർന്ന സംസ്കാരങ്ങളെ ആക്രമിക്കുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്. അവരെ നാം പ്രതിരോധിക്കും. അസമിന്റെ സംസ്കാരത്തെയും അസ്തിത്വത്തെയും കോണ്‍ഗ്രസ് സംരക്ഷിക്കും. വിദ്വേഷം തുടച്ചനീക്കുകയും സമാധാനം കൊണ്ടുവരിക ചെയ്യുമെന്നും പത്രിക പുറത്തിറക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.