വോട്ടെടുപ്പ് നടക്കുന്നതിനിടെ ബിജെപിയുടെ ബൂത്ത് ഏജന്റിന്റെ മരണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
കമര്‍ഹട്ടി നിയോജകമണ്ഡലത്തിലെ നൂറ്റിയേഴാം ബൂത്തിലെ ബിജെപി ഏജന്റായിരുന്നു അഭിജിത്ത് സാമന്ത. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറായപ്പോള്‍ തന്നെ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞതായാണ് ദൃക്‌സാക്ഷികളറിയിക്കുന്നത്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ബിജെപി ബൂത്ത് ഏജന്റ് മരിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസില്‍ അഭിജിത്ത് സാമന്ത എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ ചില ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണിപ്പോള്‍.
കമര്‍ഹട്ടി നിയോജകമണ്ഡലത്തിലെ നൂറ്റിയേഴാം ബൂത്തിലെ ബിജെപി ഏജന്റായിരുന്നു അഭിജിത്ത് സാമന്ത. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറായപ്പോള്‍ തന്നെ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞതായാണ് ദൃക്‌സാക്ഷികളറിയിക്കുന്നത്.
എന്നാല്‍ പോളിംഗ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോ, സുരക്ഷാ ഉദ്യോഗസ്ഥരോ ആരും തന്നെ തുടക്കത്തില്‍ അദ്ദേഹത്തെ ഗൗനിച്ചില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പിന്നീട് അഭിജിത് ഛര്‍ദ്ദിക്കുക കൂടി ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി ചിലര്‍ മുന്‍കയ്യെടുത്തത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.
'പോളിംഗ് ബൂത്ത ഏജന്റായിരുന്ന ആളാണ്. അയാള്‍ സുഖമില്ലെന്ന് പറഞ്ഞപ്പോള്‍ ആരും ശ്രദ്ധിച്ചില്ലെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്...'- തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Also Read:- പശ്ചിമ ബംഗാളിൽ കനത്ത പോളിങ്, ഇതുവരെ 65.70 ശതമാനം; മമതയുടെ ഫോൺ ചോർത്തിയെന്ന് തൃണമൂൽ...