' നടക്കുന്നത് നാഗ്‌പൂരിൽ നിന്ന് ഇന്ത്യയെ മുഴുവൻ നിയന്ത്രിക്കാനുള്ള ശ്രമം'; അസം പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി
അസമിനെ നിയന്ത്രിക്കേണ്ടത് അസമിൽ നിന്നുള്ളവരാണ് എന്നും, വിദ്യാർഥികൾ അതിന്റെ അവിഭാജ്യ ഘടകമാണ് എന്നും രാഹുൽ പറഞ്ഞു.
ജനങ്ങളെ വിഘടിപ്പിച്ചു നിർത്താൻ വേണ്ടി വിദ്വേഷപ്രചാരണം നടത്തുകയാണ് ബിജെപി ചെയ്യുന്നത് എന്ന ആക്ഷേപവുമായി രാഹുൽ ഗാന്ധി രംഗത്ത്. നാഗ്പൂരിൽ നിന്നുള്ള ഒരൊറ്റ ശക്തിയാണ് ഇന്ത്യാമഹാരാജ്യത്തെ മുഴുവൻ ഇന്ന് കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നത് എന്നും ആർഎസ്എസ്സിനെ ലക്ഷ്യമിട്ടുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. അസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ദ്വിദിന സന്ദർശനത്തിനിടെ ഡിബ്രൂഗഡിലെ കോളേജ് വിദ്യാർത്ഥികളോട് സംവദിക്കവേയായിരുന്നു രാഹുലിന്റെ ഈ പരാമർശം. രാജ്യത്തെ മുഴുവൻ അധികാരവും പിടിച്ചെടുക്കാനുള്ള ഇത്തരത്തിലുള്ള കുത്സിത ശ്രമങ്ങളെ സ്നേഹവും ആത്മവിശ്വാസവും കൊണ്ട് എതിർത്തു തോൽപ്പിക്കാനുള്ള ഉത്തരവാദിത്തം ഇന്നാട്ടിലെ യുവാക്കൾക്കാണ് എന്നും രാഹുൽ വിദ്യാർത്ഥികളോട് പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ അസമിൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ സമ്മതിക്കില്ല എന്ന് രാഹുൽ വിദ്യാർത്ഥികൾക്ക് വാഗ്ദാനം നൽകി. "ജനാധിപത്യം ക്ഷയിക്കുകയാണ്. യുവാക്കൾക്ക് തൊഴിൽ കിട്ടുന്നില്ല. കർഷകർ സമരത്തിലാണ്. പൗരത്വത്തിന്റെ പേരിലും ജനങ്ങളെ വേട്ടയാടുകയാണ്. ദില്ലിയിലേക്ക് വരുമ്പോഴും, അസമിലെ ജനങ്ങളോട്, അവരുടെ സംസ്കാരം, ഭാഷ, ഇതൊന്നും മാറ്റാനോ മറക്കാനോ പറയാൻ ആർക്കും സാധ്യമല്ല. ഇപ്പോൾ നടക്കുന്നത്, നാഗ്പൂരിൽ ഇരുന്നുകൊണ്ട് ഒരു ശക്തി, ഈ രാജ്യത്തെ ആകെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്" രാഹുൽ പറഞ്ഞു.
ആസാമിനെ നിയന്ത്രിക്കേണ്ടത് അസമിൽ നിന്നുള്ളവരാണ് എന്നും, വിദ്യാർഥികൾ അതിന്റെ അവിഭാജ്യ ഘടകമാണ് എന്നും രാഹുൽ പറഞ്ഞു. അസമിൽ അധികാരത്തിലെത്തിയാൽ പ്രതിദിനം 365 രൂപയായി തേയിലതൊഴിലാളികളുടെ വേതനം വർധിപ്പിക്കും എന്ന വാഗ്ദാനവും രാഹുൽ ആവർത്തിച്ചു.