ബംഗാൾ വോട്ടെടുപ്പിന് ഒരു ദിവസം മുമ്പുള്ള മോദിയുടെ ബംഗ്ലാദേശ് സന്ദർശനം രാഷ്ട്രീയലാക്കോടെയോ ?
മഠുവാ വിഭാഗക്കാർക്ക് ഇന്ന് പശ്ചിമ ബംഗാളിൽ, ചുരുങ്ങിയത് 30 മണ്ഡലങ്ങളിലെങ്കിലും കാര്യമായ രീതിയിൽ വോട്ടുബാങ്കിനെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ.
മാർച്ച് 26 ന്, പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗ്ലാദേശിന്റെ തലസ്ഥാനനഗരിയായ ധാക്ക സന്ദർശിക്കുകയാണ്. ബംഗ്ലാദേശ് സ്വതന്ത്രമായതിന്റെ അമ്പതാം വാർഷികാഘോഷ ചടങ്ങുകളിൽ സംബന്ധിക്കുക എന്നതാണ് ഉദ്ദേശ്യം. അതിലെന്താണ് അസ്വാഭാവികത? പശ്ചിമ ബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേദിവസമാണ്, മാർച്ച് 26. അന്നേ ദിവസം, പ്രധാനമന്ത്രി മോദി ഓറാകാണ്ടിയിലുള്ള മഠുവാ ക്ഷേത്രത്തിലും സന്ദർശനം നടത്തുന്നുണ്ട്. മഠുവാ വിഭാഗക്കാരുടെ ആരാധ്യ പുരുഷനും ആ വിശ്വാസ ശാഖയുടെ സ്ഥാപകനുമായ ഹരിചന്ദ് താക്കൂറിനോടുള്ള ആദരസൂചകമായിട്ടാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. ബംഗാളിലെ വോട്ടെടുപ്പിന്റെ തലേന്നുള്ള പ്രധാനമന്ത്രിയുടെ ഈ ബംഗ്ലാദേശ് സന്ദർശനം യാദൃച്ഛികമല്ല എന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപം.
1812 -ൽ അവിഭക്ത ബംഗാളിൽ ജനിച്ച ഹരിചന്ദ് താക്കൂറിനെ ദൈവത്തിന്റെ അവതാരമെന്നു കരുതി ആരാധിക്കുന്നവരാണ് മഠുവാ വിഭാഗം. നാമശൂദ്രർ എന്ന ബംഗാളിലെ അടിത്തട്ട് ജനതയെ സാമൂഹികമായ അംഗീകാരത്തിലേക്ക് ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെ ഹരിചന്ദ് താക്കൂർ തുടങ്ങിയ മഠുവാ എന്ന വിശ്വാസധാര, മകൻ ഗുരുചന്ദ് താക്കൂറിന്റെ കാലത്ത് ബംഗാളിൽ ഏറെ പ്രചാരം സിദ്ധിച്ച ഒന്നായി മാറിയിരുന്നു. മഠുവാമഹാസംഘത്തിന്റെ കൊടിക്കീഴിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്ന മഠുവാ വിഭാഗക്കാർക്ക്, ഇന്ന് പശ്ചിമ ബംഗാളിൽ, ചുരുങ്ങിയത് 30 മണ്ഡലങ്ങളിലെങ്കിലും കാര്യമായ രീതിയിൽ വോട്ടുബാങ്കിനെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ. ഏഴുകോടിയോളം വരുന്ന ബംഗാളി വോട്ടർമാരിൽ ചുരുങ്ങിയത് ഒരു കോടിയോളമെങ്കിലും മഠുവാ വിഭാഗത്തിൽ നിന്നാണ്. വിഭജനാന്തരം ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിൽ എത്തി, പൗരത്വം കാത്തു കഴിയുന്ന പതിനായിരക്കണക്കിന് മഠുവാ വിഭാഗം അഭയാർത്ഥികൾ വേറെയുമുണ്ട്. ഇവർക്ക് പൗരത്വം നൽകാം എന്നൊരു വാഗ്ദാനം ബിജെപി പക്ഷത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്നതുകൊണ്ട് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് പിന്തുണ നൽകിയവരാണ് മഠുവാ വിഭാഗക്കാർ. വടക്കേ 24 പർഗനാസ് ജില്ലയിലെ താക്കൂർ നഗർ ആണ് മഠുവാ വിഭാഗത്തിന്റെ ആസ്ഥാനം.
മുൻകാലങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ ജാതി ഒരു നിർണായക ഘടകമായിരുന്നില്ല. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയമുന്നേറ്റം സജീവമായിരുന്ന 2006 കാലത്ത് മമതാ ബാനർജി പിന്തുണ തേടി മഠുവാ നേതാക്കളെ സമീപിച്ചതോടെയാണ് ആദ്യമായി തങ്ങളുടെ സ്വാധീന ശേഷി അവർക്ക് ബോധ്യപ്പെടുന്നതും അവർ സജീവ രാഷ്ട്രീയത്തിൽ തത്പരരാവുന്നതും. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം, ബിജെപിയും തൃണമൂൽ കോൺഗ്രസും ഒരേപോലെ മഠുവാ വിഭാഗത്തിന്റെ നിർണായകമായ വോട്ടുബാങ്ക് തങ്ങളുടെ പക്ഷത്തേക്ക് മറിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, അവർ ഏറെ പവിത്രമെന്നു കരുതുന്ന ക്ഷേത്രത്തിലേക്ക്, പോളിംഗ് ദിനത്തിന്റെ തലേന്നുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദര്ശനത്തിനുള്ള രാഷ്ട്രീയ പ്രാധാന്യം ചില്ലറയല്ല.