'സമൂഹത്തിന് പ്രതീക്ഷ, രാഷ്ട്രീയ മാതൃക'; വീട്ടുജോലിക്കാരിയായ സ്ഥാനാർത്ഥി കലിത മാജിയെ അഭിനന്ദിച്ച് മോദി
ആത്മാഭിമാനത്തോടെ ജോലി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്ന കലിത സമൂഹത്തിന് പ്രതീക്ഷ നൽകുന്നു എന്നും മോദി കൂട്ടിച്ചേർത്തിട്ടുണ്ട്.
കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിജെപി സ്ഥാനാർത്ഥി കലിത മാഝിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. പശ്ചിമ ബംഗാളിലെ ഔസ്ഗ്രാം നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കലിത വീട്ടുജോലിക്കാരിയാണ്. കലിതയുടെ സ്ഥാനാർത്ഥിത്വം രാഷ്ട്രീയത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. ട്വിറ്റർ കുറിപ്പിലൂടെയാണ് മോദി കലിതക്ക് അഭിനന്ദനമമറിയിച്ചത്. കലിതയുടെ ഭർത്താവ് പ്ലംബറാണ്. നിരവധി വീടുകളിൽ ജോലി ചെയ്താണ് കലിത കുടുംബം പുലർത്തുന്നത്. ഇവ സംബന്ധിച്ച മാധ്യമവാർത്തകളും മോദി ട്വീറ്റിനൊപ്പം ടാഗ് ചെയ്തിട്ടുണ്ട്. ആത്മാഭിമാനത്തോടെ ജോലി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്ന കലിത സമൂഹത്തിന് പ്രതീക്ഷ നൽകുന്നു എന്നും മോദി കൂട്ടിച്ചേർത്തിട്ടുണ്ട്.
മൂന്നാം ക്‌ളാസിൽ പഠിക്കുന്ന പാർഥ് എന്നൊരു മകനും കലിതക്കുണ്ട്. കൂലിവേലക്കാരനായിരുന്ന അച്ഛന്റെ നിര്യാണ ശേഷം, ഏഴു പെൺമക്കളും ഒരു ആൺകുട്ടിയുമടങ്ങുന്ന കുടുംബത്തെ കലിത മാഝി പുലർത്തുന്നത് അഞ്ചു വീടുകളിൽ ഒരേ സമയം വീട്ടുജോലി ചെയ്തുകിട്ടുന്ന വരുമാനം കൊണ്ടാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നന്നേ ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഉപജീവനത്തിനായി വീട്ടുവേലക്കാരിയുടെ റോൾ ഏറ്റെടുക്കേണ്ടി വന്ന കലിതയ്ക്ക് ഇതൊരു ചെറിയ പോരാട്ടമല്ല. കലിതയുടെ ജോലിയിലുള്ള അർപ്പണമനോഭാവത്തിനും അവരുടെ ജീവിത സംഘർഷങ്ങൾക്കും ഉള്ള അംഗീകാരവും, പ്രോത്സാഹനവുമായിട്ടാണ് പാർട്ടി അവർക്ക് ഈ ടിക്കറ്റ് നൽകിയിട്ടുള്ളത് എന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ട്വീറ്റ് ചെയ്തിരുന്നു.