കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൌണ്ടിലെ പ്രസംഗത്തിനിടയിലായിരുന്നു നടന്‍റെ പഞ്ച് ഡയലോഗുകള്‍. ഞായറാഴ്ചയാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്. 

കൊല്‍ക്കത്ത: 'ഒറ്റ കൊത്തിന് ആളുകളെ കൊല്ലാന്‍ കഴിവുള്ള മൂര്‍ഖനാണ് താനെ'ന്ന് ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൌണ്ടിലെ പ്രസംഗത്തിനിടയിലായിരുന്നു നടന്‍റെ പഞ്ച് ഡയലോഗുകള്‍. ഞായറാഴ്ചയാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയുടെ ദേശീയ നേതാക്കളടക്കമുള്ളവരാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുന്‍ രാജ്യ സഭാംഗമായിരുന്ന മിഥുന്‍ ചക്രവര്‍ത്തിയെ ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചത്. തന്‍റെ അഭിലാഷങ്ങള്‍ പൂവണിയാനുള്ള അവസരമാണ് ബിജെപി നല്‍കിയിരിക്കുന്നതെന്നാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേരുന്നതിനേക്കുറിച്ച് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സിനിമയിലെ പഞ്ച് ഡയലോഗുകള്‍ നടന്‍ പ്രയോഗിച്ചത്.

താനൊരു സാധാരണ പാമ്പാണ് എന്ന് ധരിക്കരുത്. ആളുകളെ ഒറ്റക്കൊത്തിന് കൊല്ലാന്‍ കഴിയുന്ന മൂര്‍ഖനാണ് താന്‍. ബംഗാളിയായതില്‍ അഭിമാനമുണ്ടെന്നും നടന്‍ പറഞ്ഞു. ജീവിതത്തില്‍ വലിയ കാര്യങഅങള്‍ ചെയ്യണമെന്ന് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ഇത്തരമൊരു വലിയ റാലിയുടെ ഭാഗമാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു. സമൂഹത്തിലെ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ പൂവണിയുന്നതെന്നും മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.

 70 കാരനായ നടൻ മിഥുൻ ചക്രവർത്തിക്ക് ബംഗാളിൽ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. 2006 ലെ ഹിറ്റ് ചിത്രമായ എം‌എൽ‌എ ഫതാകെഷ്ടോയിൽ നിന്നുള്ള പഞ്ച് ഡയലോഗും റാലിയില്‍ തടിച്ച കൂടിയ ജനങ്ങളോട് നടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ റാലിയാണ് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൌണ്ടില്‍ നടന്നത്.