ഒരു കാലത്ത് 'നക്‌സലൈറ്റാ'യിരുന്ന മിഥുൻ ചക്രവർത്തി ഒടുവിൽ സംഘപരിവാർ പാളയത്തിലെത്തിയതെങ്ങനെ?

സാധാരണക്കാരുടെ ആൾക്കൂട്ടങ്ങളിലേക്ക് മാസ്സ് ഡയലോഗുകളുടെ സഹായത്തോടെ എങ്ങനെ രാഷ്ട്രീയമെത്തിക്കണമെന്ന് മിഥുൻദായ്ക്ക് നല്ല നിശ്ചയമുണ്ട്. 

Mithun Chakraborthy from naxal to sangh parivar member life

മാർച്ച് 7 -ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൌണ്ടിൽ ഒരു ബൃഹദ് റാലി നടന്നു. തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയ മെഗാസ്റ്റാർ മിഥുൻ ചക്രവർത്തിക്കുള്ള സ്വീകരണം കൂടി ആയിരുന്നു ആ റാലി. അതിൽ പ്രസംഗിക്കാനായി പോഡിയത്തിൽ എത്തിയ മിഥുൻദാ പറഞ്ഞതിങ്ങനെ. "നിങ്ങളുടെ അവകാശങ്ങൾ തട്ടിപ്പറിക്കാൻ അവർ ശ്രമിക്കുമ്പോൾ ഞങ്ങളാൽ ചിലർ അതിനെ നെഞ്ചും വിരിച്ചു നിന്ന് തടുക്കും. ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിലേക്കെത്തുന്നത് ഒരു പുത്തൻ ഡയലോഗും കൊണ്ടാണ്. പ്രചാരണ റാലികളിൽ നെടുനെടുങ്കൻ പ്രസംഗങ്ങളുമായി നിങ്ങളെത്തേടി എത്തുന്ന നേതാക്കളെ നിങ്ങൾ എമ്പാടും കണ്ടുകാണും. ഇത് നിങ്ങളുടെ മിഥുൻ ചക്രവർത്തിയാണ്, ഞാൻ പറയുന്നത് പ്രവർത്തിച്ചു കാട്ടുന്നവനാണ്. തീപ്പൊരി പ്രസംഗങ്ങളുടെ സാരം ഒരൊറ്റ ഡയലോഗിൽ ഒതുക്കുക എന്നതാണ് എന്റെ ശീലം. എനിക്ക് പറയാനുളളത് ഇത്രമാത്രം, "ഞാൻ പുളവനോ നീർക്കോലിയോ ഒന്നുമല്ല, മൂർഖനാണ്, കരിമൂർഖൻ...! ഒരൊറ്റ കൊത്തിന് പടമാക്കിക്കളയും. അതാണ് ശീലം..." വാർദ്ധക്യത്തിലേക്ക് കാലെടുത്തു വെച്ചിട്ട് നാളേറെ കഴിഞ്ഞിരിക്കുന്നു എങ്കിലും, മിഥുൻ ചക്രവർത്തി എന്ന സിനിമാതാരം ബ്രിഗേഡ് മൈതാനത്തുവെച്ച് ജനാവലിയെ നോക്കി പറഞ്ഞ ആ പഞ്ച് ഡയലോഗ് അവിടെ തടിച്ചുകൂടിയ പതിനായിരങ്ങളെ ഇളക്കിമറിച്ചു.

Mithun Chakraborthy from naxal to sangh parivar member life

ബംഗാളിയിൽ നിന്ന് മൊഴിമാറ്റി നമ്മളിലേക്കെത്തിയപ്പോഴേക്കും ആ പ്രസംഗത്തിലെ പരാമർശങ്ങൾക്ക് ഒരു 'വൈറൽ ഹ്യൂമർ' ഛായ കൈവന്നു കാണാം എങ്കിലും, ബംഗാൾ രാഷ്ട്രീയത്തിൽ എങ്ങനെ സ്വാധീനമുണ്ടാക്കണം എന്ന് മിഥുൻ ചക്രവർത്തി എന്ന എഴുപതുകാരന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. സാധാരണക്കാരുടെ ആൾക്കൂട്ടങ്ങളിലേക്ക് മാസ്സ് ഡയലോഗുകളുടെ സഹായത്തോടെ എങ്ങനെ രാഷ്ട്രീയമെത്തിക്കണമെന്ന് മിഥുൻദായ്ക്ക് നല്ല നിശ്ചയമുണ്ട്. ഈ ഒരു മാസ് അപ്പീൽ തന്നെയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലും ഒരു താരമാക്കി മാറ്റുന്നതും, വംഗദേശത്തിന്റെ അടിമണ്ണിൽ നിന്ന് ഇക്കുറി തൃണമൂലിന്റെ അടിവേരുകൾ വലിച്ചിളക്കാം എന്ന പ്രതീക്ഷ  ബിജെപി ക്യാമ്പിൽ നിലനിർത്തുന്നതും. 

മിഥുന്റെ താരത്തിളക്കം

ബംഗാളി സിനിമ ഇന്ത്യൻ ചലച്ചിത്രരംഗത്തിനു സംഭാവന ചെയ്ത താരങ്ങളിൽ മിഥുൻ ചക്രവർത്തിക്കും സവിശേഷമായ ഒരു സ്ഥാനമുണ്ട്. അതിനുമപ്പുറം, ബംഗാളിന്റെ ജനകീയസംസ്കാരത്തിൽ മിഥുന്റെ സ്ഥാനം തെല്ലും ഇളക്കം തട്ടാത്തതാണ്. സിനിമയിലെ ഡയലോഗുകൾ നിത്യ ജീവിതത്തിലും രാഷ്ട്രീയ പ്രശ്നങ്ങളിലും ഒക്കെ കടന്നുവരിക ബംഗാളിൽ പുതുമയല്ല. 2006 -ൽ, അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ വികാസനോന്മുഖമായ നയപരിഷ്‌കാരങ്ങൾ സംസ്ഥാനത്ത് ഐടി-വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ചിരുന്നു. വികസന പദ്ധതികൾ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതിനു പിന്നാലെയാണ് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും ബംഗാളിനെ ആവേശിക്കുന്നത്. അക്കാലത്ത്, സിംഗൂർ പ്രശ്നം  നിന്നകത്തുമ്പോൾ, തൃണമൂൽ കോൺഗ്രസിലെ മദൻ മിത്ര, അന്ന് കർഷകരുടെ ഭൂമി അവരുടെ പ്രതിഷേധങ്ങൾക്ക്  ഏറ്റെടുക്കാൻ എത്തിയ ടാറ്റയുടെ വലിയ വലിയ മാനേജർമാരോട് അടിച്ചത് ഒരു സൂപ്പർഹിറ്റ് സിനിമാ ഡയലോഗ് ആയിരുന്നു,"മാർബോ എഖാനെ, ലാഷ് പോർബെ ഷോഷാനെ..." - "ഒരൊറ്റ അടി വെച്ചുതന്നാൽ, നേരെ ചെന്ന് ചുടുകാട്ടിൽ ആണ് വീഴുക നിങ്ങൾ..." എന്നർത്ഥം. അന്ന് ആ ഡയലോഗ് മദൻ മിത്ര അടിച്ചു മാറ്റിയത് ഇതേ മിഥുൻ ചക്രവർത്തിയുടെ 1991 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം,  MLA ഫടാകെഷ്ടോയിൽ നിന്നായിരുന്നു.

 

Mithun Chakraborthy from naxal to sangh parivar member life
'മദൻ മിത്ര '
 

 

തുടക്കം തൃണമൂലിലൂടെ

ഏതാണ്ട് ഇതേ സമയത്താണ് മിഥുൻ ചക്രവർത്തിയുടെ കന്നി രാഷ്ട്രീയ പ്രവേശവും ഉണ്ടാകുന്നത്. 1976 -ൽ, മൃണാൾ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് തന്നെ കരസ്ഥമാക്കികൊണ്ട് അതിശയകരമായ തുടക്കമാണ് മിഥുൻ ചക്രവർത്തിക്ക് ഹിന്ദി സിനിമയിൽ ഉണ്ടായത്. പിന്നീട് എൺപതുകളുടെ തുടക്കത്തിൽ ഡിസ്ക്കോ ഡാൻസർ പോലുള്ള ചിത്രങ്ങളിലൂടെ ജനപ്രിയ ഹിന്ദി സിനിമയുടെ ഭാഗമായ മിഥുൻ, അവിടെ രണ്ടു പതിറ്റാണ്ടു ചെലവിട്ട ശേഷം വീണ്ടും ബംഗാളി ചിത്രങ്ങളിൽ ഒരു തിരിച്ചുവരവ് നടത്തുന്നുണ്ട്. അത് പക്ഷെ, ബംഗാളിലെ പാവപ്പെട്ടവരുടെ ശബ്ദമായ,  അഴിമതിക്കും ജന്മിത്വത്തിനുമെതിരെ പോരടിക്കുന്ന, നായക വേഷങ്ങളിലൂടെയായിരുന്നു. വ്യവസ്ഥിതിക്കും ഭരണകൂടത്തിനുമെതിരായി മുഴങ്ങുന്ന ഒരു ശബ്ദമായിരുന്നു രണ്ടാം വരവിൽ മിഥുന്റേത്. മുപ്പത്തിനാല് വർഷത്തെ ഇടതു ഭരണത്തിന് ശേഷവും തൊഴിലില്ലായ്മയും, വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്ന അവസ്ഥയാണ് ബംഗാളിൽ ഉണ്ടായിരുന്നത്. 'പാർട്ടി സൊസൈറ്റി' എന്ന് പാർത്ഥോ ചാറ്റർജി നിർവ്വചിച്ച, സമൂഹത്തിന്റെ സകല ദൈനംദിന ഇടപാടുകളിലും കൈകടത്തിയിരുന്ന സമാന്തരസംവിധാനത്തിന്റെ ഉരുക്കുമുഷ്ടികൾ ഭേദിക്കാൻ വേണ്ടി സാധാരണക്കാർ വെമ്പിയ കാലം. 



Mithun Chakraborthy from naxal to sangh parivar member life

 

അക്കാലത്താണ് കോൺഗ്രസിൽ നിന്ന് വിഘടിച്ചു കൊണ്ട് മമതാ ബാനർജി തൃണമൂൽ കോൺഗ്രസുണ്ടാക്കി ഇടതുപക്ഷത്തിന് നേരെ വെല്ലുവിളി ഉയർത്തുന്നത്. എന്നവരുടെ സമരമുഖത്തിന് കിട്ടിയ ഒത്ത ഒരു പോരാളിയായിരുന്നു മിഥുൻ ചക്രവർത്തി. ഗ്രാമീണർക്കിടയിൽ കാര്യമായ ഫാൻ ബേസ് ഉണ്ടായിരുന്ന മിഥുൻ ചക്രവർത്തി സിംഗുർ സമരത്തിന്റെ മുന്നണിയിൽ നിന്ന തൃണമൂലിന്റെയും മമതയുടെയും 'മാ, മാട്ടി, മാനുഷ് " എന്ന മുദ്രാവാക്യത്തിന് യോജിക്കുന്ന മുഖമായി മാറി.  2014 -ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന് വേണ്ടി മിഥുൻ പ്രചാരണം നടത്തുക പോലും ചെയ്തു. അന്ന് ആ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയായിട്ടാണ് തൃണമൂൽ മിഥുനെ രാജ്യസഭയിലേക്ക് പറഞ്ഞയക്കുന്നത്. പിന്നീട് വന്ന ശാരദാ ചിറ്റ് ഫണ്ട് വിവാദത്തിൽ, സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്ന മിഥുനും വിവാദങ്ങളിൽ അകപ്പെട്ടു. 2016 നു ശേഷം പൊതുവെ രാഷ്ട്രീയത്തിന്റെ വെള്ളി വെളിച്ചത്തിൽ നിന്ന് മാറി നിന്ന ശേഷമാണ് മിഥുൻ ഇപ്പോൾ മാർച്ച് 7 -ന് ബിജെപിയിൽ ചേർന്നിരിക്കുന്നത്. 



Mithun Chakraborthy from naxal to sangh parivar member life

 

താൻ ഒരു മുൻ നക്സൽ ആണ് എന്ന് മിഥുൻദാ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഇന്നിപ്പോൾ, ബിജെപിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് മിഥുൻ ചക്രവർത്തി കടക്കുമ്പോൾ, അതിന്റെ 'ബാലറ്റ് പരിണതി' എന്താണ് എന്നറിയാനുള്ള കൗതുകം ഇന്ത്യക്കാർക്ക് എല്ലാവർക്കുമുണ്ട്. നിയമസഭയിലേക്ക് മിഥുൻ ഇക്കുറി മത്സരിക്കുമോ, മിഥുൻദാ മുഖ്യമന്ത്രിയാവാനുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിൽക്കുമ്പോഴാണ്, താരത്തിൽ നിന്ന് ' ഞാൻ സംഹാര ശക്തിയുള്ള മൂർഖനാണ്, ആഞ്ഞൊന്നു കൊത്തിയാൽ ആരും പടമാകും'  എന്നുള്ള മാസ് ഡയലോഗ് പുറപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios