' മമത മുസ്ലിംങ്ങളുടെ വോട്ട് ചോദിച്ചത് വർഗ്ഗീയ വിഭജനത്തിന്'; ഐഎസ്എഫ് അദ്ധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട്
'തൃണമൂൽ കോൺഗ്രസ് പറയുന്നത് ബിജെപിയെ തടയണമെന്നാണ്. എന്നാൽ എന്റെ അനുഭവം ബിജെപിയെ തടഞ്ഞത് കോൺഗ്രസും ഇടതുപക്ഷവും ആണെന്നാണ് അതുകൊണ്ട് അവർക്കൊപ്പം നിൽക്കുന്നു'- സിദ്ദിഖി.
കൊൽക്കത്ത: മുസ്ലിംങ്ങൾ തനിക്ക് വോട്ടു ചെയ്യണമെന്ന മമത ബാനർജിയുടെ പ്രസ്താവന വർഗ്ഗീയ ധ്രുവീകരണത്തിനെന്ന് പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിനൊപ്പം നില്ക്കുന്ന ഐഎസ്എഫിന്റെ അദ്ധ്യക്ഷൻ മൊഹമ്മദ് അബ്ബാസ് സിദ്ദിഖി. ബിജെപിയെ തടയാൻ ഇടതുപക്ഷത്തിനാണ് കഴിഞ്ഞിട്ടുള്ളതെന്നും സിദ്ദിഖി കൊൽക്കത്തയിൽ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് പറയുന്നത് ബിജെപിയെ തടയണമെന്നാണ്. എന്നാൽ എന്റെ അനുഭവം ബിജെപിയെ തടഞ്ഞത് കോൺഗ്രസും ഇടതുപക്ഷവും ആണെന്നാണ്. അതുകൊണ്ട് അവർക്കൊപ്പം നിൽക്കുന്നു- സിദ്ദിഖി നയം വ്യക്തമാക്കി.
ഞാൻ വർഗ്ഗീയവാദിയെന്ന് ബിജെപി പറഞ്ഞതു കൊണ്ടായില്ല. രാജ്യത്തിൻറെ ഭരണഘടന പറഞ്ഞാൽ സമ്മതിക്കാം. ദരിദ്രജനവിഭാഗങ്ങൾക്കൊപ്പം നില്ക്കുന്നതാണ് എൻറെ രാഷ്ട്രീയം. അതിന് വേണ്ടിയാണ് ഈ സഖ്യത്തിൽ ചേർന്നത്. ദരിദ്രവിഭാഗങ്ങളെ സഹായിക്കാനുള്ള രാഷ്ട്രീയപ്രവർത്തനം തുടരും.
മമതയുടെ നിലപാട് തനി വർഗ്ഗീയവാദമാണെന്നാണ് മൊഹമ്മദ് അബ്ബാസ് സിദ്ദിഖി ആരോപിക്കുന്നത്. എന്തുകൊണ്ട് 70 ശതമാനം വരുന്ന ഹിന്ദുക്കളോട് മമത വോട്ടു നൽകണം എന്ന് പറയുന്നില്ല. മുസ്ലിംങ്ങളുടെ വോട്ട് വേണം എന്ന് പറഞ്ഞ് വിഭജിക്കുകയാണ്. മുസ്ലീംങ്ങളും ആദിവാസികളും പിന്നാക്കവിഭാഗങ്ങളും എല്ലാം വോട്ടു ചെയ്യണം എന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. സിദ്ദിഖി നയം വ്യക്തമാക്കുന്നു.