നന്ദിഗ്രാം വെടിവയ്പ്പിന് പിന്നില്‍ 'അച്ഛനും മകനും'; വിവാദമായി മമതയുടെ പ്രസ്താവന

നേരത്തെ മമതയുടെ തൃണമൂലില്‍ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെയാണ് സുവേന്ദു അധികാരിയോട് മത്സരിക്കാന്‍ മമത നന്ദിഗ്രാമില്‍ എത്തിയത്.

Mamata Banerjee links father son duo to 2007 killings in Nandigram

നന്ദിഗ്രാം: 2007ല്‍ 14 പേര്‍ കൊല്ലപ്പെട്ട നന്ദിഗ്രാം വെടിവയ്പ്പിന് പിന്നിലെ കരങ്ങള്‍ 'അച്ഛന്‍റെയും മകന്‍റെയും' എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പേരുകള്‍ പരാമര്‍ശിച്ചില്ലെങ്കിലും മമത ഉദ്ദേശിച്ചത് നന്ദിഗ്രാമില്‍ മമതയുടെ എതിരാളിയായ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയെയും, അദ്ദേഹത്തിന്‍റെ പിതാവ് ശിശിര്‍ അധികാരിയെയുമാണ് എന്നാണ് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. 

ഞായറാഴ്ചയാണ് നന്ദിഗ്രാം വെടിവയ്പ്പുമായി അധികാരി കുടുംബത്തെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന മമത നടത്തിയത്. ചൊവ്വാഴ്ചയാണ് ബംഗാളില്‍ നന്ദിഗ്രാം അടക്കമുള്ള മണ്ഡലങ്ങളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ്. നേരത്തെ മമതയുടെ തൃണമൂലില്‍ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെയാണ് സുവേന്ദു അധികാരിയോട് മത്സരിക്കാന്‍ മമത നന്ദിഗ്രാമില്‍ എത്തിയത്.

'എങ്ങനെയാണ് നന്ദിഗ്രാമില്‍ ആച്ഛനും മകനും പൊലീസിനെ കരുതിവയ്ക്കുന്നത്, അവര്‍ അറിയാതെ നന്ദിഗ്രാമില്‍ പൊലീസിന് പ്രവേശിക്കാന്‍ പോലും സാധിക്കില്ലായിരുന്നു.  അവരാണ് പൊലീസിനെ 2007 ല്‍ വിളിച്ചുവരുത്തിയത്. ഇപ്പോള്‍ അവര്‍ 2007 ലെ ഭൂമി ഏറ്റെടുക്കല്‍ എതിര്‍ത്തവര്‍ക്കെതിരായ കേസ് വീണ്ടും തുറക്കാന്‍ കോടതിയില്‍ പോകുന്നു' - അധികാരി കുടുംബത്തിന്‍റെ പേര് എടുത്തു പറയാതെ മമത പറയുന്നു.

സുവേന്ദു അധികാരി 'പുറത്തുനിന്നുള്ളവരെ' സംഘടിപ്പിച്ചുവെന്നും മമത ആരോപിക്കുന്നു. മാര്‍ച്ച് 10ന് ബിരുളിയ ബസാറില്‍ തനിക്കെതിരെ നടന്ന ആക്രമണം ഇത്തരത്തിലുള്ളതാണ്. അതില്‍ നന്ദിഗ്രാമില്‍ നിന്നുള്ളവര്‍ ആരുമില്ല.  എന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപയാപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും ഞാന്‍ വീല്‍ചെയറില്‍ പോലും മുന്നോട്ട് നീങ്ങുന്നു- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറയുന്നു.

അതേ സമയം മമതയുടെ നേരിട്ടുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കാത്ത സുവേന്ദു അധികാരി, ബീഗം (മമത) തോല്‍ക്കുകയാണ്, ന്യൂനപക്ഷ നേതാക്കളായ എസ്.കെ സുല്‍ഫാന്‍, റുക്കുനുദ്ദീന്‍ എന്നിവരോട് അല്ലാതെ അവര്‍ സംസാരിക്കുന്നില്ല. അവര്‍ ജയിച്ചാല്‍ മിനി പാകിസ്ഥാന്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത് - സുവേന്ദു അധികാരി പ്രസ്താവിച്ചു. 

അതേ സമയം സാമുദായിക ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള അധികാരിയുടെ പ്രസ്താവനകളോട് പ്രതികരിച്ച മമത, ജനങ്ങളെ മതപരമായി വിഭജിച്ച്, തെരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമായ വര്‍ഗ്ഗീയ കലാപത്തിന് വഴിമരുന്നിടുകയാണ് അവര്‍, ഞാന്‍ ഈ യുദ്ധ രംഗം വിട്ടുപോകില്ല. പോരാടി വിജയിക്കും. എല്ലാ മതക്കാരും ഒന്നായി നില്‍ക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്  -മമത പറഞ്ഞു.

അതേ സമയം കഴിഞ്ഞ ദിവസം ഒരു കൂട്ടം തൃണമൂല്‍ പ്രവര്‍ത്തകര്‍ സുവേന്ദു അധികാരിയെ ഒരു പൊതുപരിപാടിക്ക് ശേഷം പുറത്ത് എത്തിയപ്പോള്‍ അധിക്ഷേപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹത്തെ ചുറ്റി സുരക്ഷ സൈനികര്‍ ഉണ്ടായതാണ് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് സംഭവം നീങ്ങതിരുന്നതിന് കാരണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് പാര്‍ട്ടി അറിയിച്ചത്.

അതേ സമയം 14 വര്‍ഷം മുന്‍പ് നടന്ന നന്ദിഗ്രാം വെടിവയ്പ്പിലെ പുതിയ പ്രസ്താവനയിലൂടെ ആ സംഭവത്തെ വികാരപരമായി കാണുന്നവരുടെ വോട്ടുകള്‍ ഉറപ്പിക്കാനും, അധികാരി കുടുംബത്തിനെതിരെ വികാരം ഉണ്ടാക്കിയെടുക്കാനുമുള്ള ശ്രമത്തിലാണ് മമത. അതേ സമയം മമതയുടെ പ്രസ്താവനയെ ആയുധമാക്കി ബംഗാളിലെ ഇടതുപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. ബംഗാളിലെ ഇടതുപക്ഷത്തിനെതിരെ നടന്ന വലിയ ഗൂഢാലോചനയാണ് വെളിച്ചത്ത് എത്തിയത് എന്നാണ് ഇവരുടെ വാദം.
 

Latest Videos
Follow Us:
Download App:
  • android
  • ios