പശ്ചിമബംഗാളിൽ മമത തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച
തുടർച്ചയായ മൂന്നാം തവണയാണ് മമത പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്.
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ മമതാ ബാനർജിയെ നിയമസഭാ പാർട്ടി നേതാവായി ഐകകണ്ഠേന തീരുമാനിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി അറിയിച്ചു.
തുടർച്ചയായ മൂന്നാം തവണയാണ് മമത പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് ഗവർണറെ കണ്ട് മമത സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചെന്നാണ് വിവരം. മുഖ്യമന്ത്രിയെ തിങ്കളാഴ്ച രാജ്ഭവനിലേക്ക് വിളിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഗവർണർ ജഗദീപ് ധർഖർ ട്വീറ്റ് ചെയ്തിരുന്നു.
294ൽ 213 സീറ്റിലും വിജയം നേടിയാണ് തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നത്. തൃണമൂലിനെ തറപറ്റിക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ബിജെപിക്ക് 77 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതാ ബാനർജിക്ക് ആറു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.
Read Also: മോദി-അമിത് ഷാ ദ്വയത്തിനെതിരെ ഒറ്റയാൾ പോരാട്ടം; ബിജെപിയെ നിലംപരിശാക്കി ബംഗാളിന്റെ ദീദി...