'കമല്‍ഹാസന്റെ പാര്‍ട്ടി ഒരു സീറ്റ് പോലും നേടില്ല'; പരിഹാസവുമായി കാര്‍ത്തി ചിദംബരം
രാഷ്ട്രീയത്തില്‍ വേണ്ടത്ര പിടിയില്ലാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനെത്തുകയാണ് 'മക്കള്‍ നീതി മയ്യ'മെന്നതാണ് വ്യാപകമായൊരു വിമര്‍ശനം. ഇപ്പോഴിതാ ഈ വിമര്‍ശനം പരസ്യമായി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. കമല്‍ഹാസന്റെ പാര്‍ട്ടിയെ 'സൂപ്പര്‍ നോട്ട' പാര്‍ട്ടി എന്നാണ് കാര്‍ത്തി പരിഹാസപൂര്‍വ്വം വിശേഷിപ്പിച്ചിരിക്കുന്നത്
ദില്ലി: കേരളത്തിലെ പോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീങ്ങുകയാണ് തമിഴ്‌നാടും. ചൊവ്വാഴ്ചയാണ് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടെടുപ്പ്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.
പ്രചാരണപരിപാടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ പരസ്പരം രാഷ്ട്രീയം പറഞ്ഞും പോര്‍വിളിച്ചും വിവിധ പാര്‍ട്ടികളും നേതാക്കളും രംഗത്ത് സജീവമാണ്. പൊതുവേ കേരളരാഷട്രീയത്തില്‍ നിന്ന് വിഭിന്നമായി 'ഗ്ലാമര്‍' രാഷ്ട്രീയം അല്ലെങ്കില്‍ സിനിമാതാരങ്ങളുടെ സാന്നിധ്യം കൊണ്ട് വെട്ടിത്തിളങ്ങുന്ന രാഷ്ട്രീയം തമിഴ്‌നാട്ടില്‍ എക്കാലവും ട്രെന്‍ഡ് ആയിരുന്നു.
എംജിആര്‍, ജയലളിത മുതലിങ്ങോട്ട് തമിഴ് രാഷ്ട്രീയത്തില്‍ വന്നവരും പോയവരുമായി എത്രയോ സിനിമാതാരങ്ങളുണ്ടായി. ഇക്കുറി തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇത്തരത്തില്‍ ശ്രദ്ധ നേടുന്നവരില്‍ മുന്‍നിരയില്‍ തീര്‍ച്ചയായും കമല്‍ഹാസനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യ'വും ഉണ്ട്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊപ്പം തന്നെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും കമല്‍ഹാസനും പാര്‍ട്ടിയും നേരിടുകയാണ്.
രാഷ്ട്രീയത്തില്‍ വേണ്ടത്ര പിടിയില്ലാതെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനെത്തുകയാണ് 'മക്കള്‍ നീതി മയ്യ'മെന്നതാണ് വ്യാപകമായൊരു വിമര്‍ശനം. ഇപ്പോഴിതാ ഈ വിമര്‍ശനം പരസ്യമായി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. കമല്‍ഹാസന്റെ പാര്‍ട്ടിയെ 'സൂപ്പര്‍ നോട്ട' പാര്‍ട്ടി എന്നാണ് കാര്‍ത്തി പരിഹാസപൂര്‍വ്വം വിശേഷിപ്പിച്ചിരിക്കുന്നത്.
'നോട്ട' (NOTA) എന്നാല്‍ നമുക്കറിയാം, 2013 മുതല്‍ വോട്ടിംഗ് മെഷീനില്‍ സ്ഥാപിച്ച പുതിയ ഓപ്ഷനാണ്. മുകളില്‍ കാണിച്ചിരിക്കുന്ന ഒരു പാര്‍ട്ടികള്‍ക്കും വോട്ടില്ല എന്ന് രേഖപ്പെടുത്താനാണ് 'നോട്ട' (NOTA- None Of The Above) കൊണ്ടുവന്നത്. എന്നാലിത് അരാഷ്ട്രീയവാദികള്‍ക്കുള്ള പ്രചോദനമാകുമെന്ന തരത്തില്‍ ഏറെ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. അത്തരത്തില്‍ അരാഷ്ട്രീയ വീക്ഷണങ്ങളുടെ അടയാളപ്പെടുത്തലായി കണക്കാക്കപ്പെടുന്ന 'നോട്ട'യോടാണ് 'മക്കള്‍ നീതി മയ്യ'ത്തെ കാര്‍ത്തി താരതമ്യപ്പെടുത്തിയിരിക്കുന്നത്.
'എല്ലാക്കലവും നിലനില്‍ക്കാന്‍ കഴിവുള്ള ഒരു പാര്‍ട്ടിയല്ല മക്കള്‍ നീതി മയ്യം. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ ഒരൊറ്റ സീറ്റ് പോലും മക്കള്‍ നീതി മയ്യം നേടുകയില്ല...'- കാര്‍ത്തി പറഞ്ഞു.
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ- ബിജെപി സഖ്യം വിജയിക്കില്ലെന്നും ബിജെപിയുടെ ഹിന്ദുത്വ അജണ്ട തമിഴ് മക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാര്‍ത്തി അഭിപ്രായപ്പെട്ടു.
'ബിജെപിയുടെ രൂപമോ മണമോ ഗുണമോ പ്രതിഫലിക്കുന്ന ഒരു സര്‍ക്കാരിനെ തമിഴ്‌നാട് അംഗീകരിക്കില്ല. തമിഴരുടെ വികാരങ്ങളെയോ തമിഴ് ഭാഷയെയോ തമിഴ് പാരമ്പര്യത്തെയോ മാനിക്കാത്ത ആരും തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വരികയില്ല. നിലവില്‍ തന്നെ ബിജെപി അവരുടെ ഹിന്ദുത്വ സ്വഭാവം കൊണ്ട് ആവശ്യത്തിലധികം തമിഴരെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ സീറോ- എംഎല്‍എ, സീറോ- എംപി എന്ന അവസ്ഥയില്‍ തന്നെ ഇനിയും സംസ്ഥാനത്ത് ബിജെപി തുടരും. അതിനി നരേന്ദ്ര മോദി തന്നെ എത്ര തവണ തമിഴ്‌നാട്ടിലേക്ക് സന്ദര്‍ശനം നടത്തിയാലും ഈ അവസ്ഥയില്‍ മാറ്റം വരില്ല...'- കാര്‍ത്തി പറഞ്ഞു.
കൊവിഡ് കാലത്ത് പോലും ഏറെ മോശമായ പ്രവര്‍ത്തനങ്ങളാണ് എഐഎഡിഎംകെ സര്‍ക്കാര്‍ നടത്തിയതെന്നും ഇത് ജനം ചോദിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:- 'വിജയപ്രതീക്ഷയിൽ', തമിഴ്നാട്ടിലെ മലയാളികളുടെയടക്കം വോട്ടിൽ പ്രതീക്ഷയെന്ന് കമൽഹാസൻ...