നേരത്തെ പ്രചരണം തുടങ്ങിയ ഖുശ്ബുവിനും ഗൗതമിക്കും സീറ്റ് ഇല്ല; മണ്ഡലങ്ങൾ ഘടകക്ഷികൾക്ക് നൽകി ബിജെപി

ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലായിരുന്നു ഖുഷ്ബുവിന്‍റെ പ്രവര്‍ത്തനം. വീടുകള്‍ തോറും കയറിയുള്ള ഖുഷ്ബുവിന്‍റെ പ്രചാരണം മൂന്ന് മാസം പിന്നിട്ടു. എന്നാല്‍ സീറ്റ് സഖ്യകക്ഷിയായ പിഎംകെയ്ക്ക് നല്‍കി

Gautami and Khushbu likely to be denied seats in constituencies where they had campaigned

ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപിയുടെ താരപ്രചാരകരായ ഖുഷ്ബുവിന്‍റെയും ഗൗതമിയുടേയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം. ഔദ്യോഗിക പ്രഖ്യപനത്തിന് മുന്‍പേ സ്വയം പ്രചാരണം തുടങ്ങിയ ഇരുവര്‍ക്കും സീറ്റ് നല്‍കിയേക്കില്ല. യഥാര്‍ത്ഥ പോരാളികള്‍ തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും മത്സരിക്കാനാകാത്തതില്‍ വിഷമമില്ലെന്നും ഖുഷ്ബു പ്രതികരിച്ചു. അതേസമയം കന്നി അങ്കത്തിന് ഇറങ്ങുന്ന കമല്‍ഹാസന്‍ കോയമ്പത്തൂരില്‍ പ്രചാരണം തുടങ്ങി.

സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും മുമ്പേ ബിജെപി സ്ഥാനാര്‍ത്ഥിയായി സ്വയം വിശേഷിപ്പിച്ചാണ് വിജയസാധ്യയുള്ള മണ്ഡലങ്ങളില്‍ ഖുഷ്ബുവും ഗൗതമിയും പ്രചാരണം തുടങ്ങിയത്. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലായിരുന്നു ഖുഷ്ബുവിന്‍റെ പ്രവര്‍ത്തനം. വീടുകള്‍ തോറും കയറിയുള്ള ഖുഷ്ബുവിന്‍റെ പ്രചാരണം മൂന്ന് മാസം പിന്നിട്ടു. എന്നാല്‍ സീറ്റ് സഖ്യകക്ഷിയായ പിഎംകെയ്ക്ക് നല്‍കി.

വിരുദനഗര്‍ രാജപാളയത്ത് മാസങ്ങളായി ക്യാമ്പ് ചെയ്തായിരുന്നു ഗൗതമിയുടെ പ്രവര്‍ത്തനം. ബിജെപി സ്ഥാനാര്‍ത്ഥിയായി വിശേഷിപ്പിച്ച് മണ്ഡലത്തില്‍ വോട്ടുചോദിച്ചിറങ്ങി. എന്നാല്‍ സീറ്റ് സഖ്യകക്ഷിയായ അണ്ണാഡിഎംകെയ്ക്ക് നല്‍കാനാണ് ധാരണ. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ നേതൃത്വത്തിന്‍റെ അനുമതി തേടാതെ വോട്ടുചോദിച്ച് ഇറങ്ങിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയായല്ല, ബിജെപിയുടെ താരപ്രചാരകരായി രംഗത്തിറങ്ങിയതെന്നാണ് ഇരുവരുടേയും വിശദീകരണം. തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല പ്രചാരണത്തിനറങ്ങിതെന്നും മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഷമം ഇല്ലെന്നും ഇരുവരും വ്യക്തമാക്കി. 

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് താരങ്ങളെ രംഗത്തിറക്കുന്നതിലെ സംസ്ഥാന നേതൃത്വത്തിന്‍റെ കടുത്ത എതിര്‍പ്പാണ് അപ്രതീക്ഷിത നീക്കത്തിന് പിന്നില്‍. സുപ്രധാന സീറ്റ് പ്രതീക്ഷിച്ച് കോണ്‍ഗ്രസ് വിട്ടെത്തിയ ഖുഷ്ബുവിന് കടുത്ത തിരിച്ചടിയാവുകയാണ് ബിജെപിയുടെ തീരുമാനം.

Latest Videos
Follow Us:
Download App:
  • android
  • ios