'ഇഴഞ്ഞുചെല്ലാന്‍ പല്ലിയോ പാമ്പോ ആണോ?' ഡിഎംകെയ്ക്ക് രൂക്ഷമറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി
മുഖ്യമന്ത്രിയാവാനായി മേശയ്ക്ക് അടിയിലൂടെ ഇഴഞ്ഞുചെന്ന് ശശികലയുടെ കാലില്‍ വീണുവെന്ന ഡിഎംകെയുടെ പരിഹാസമാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ സംയമനം തകര്‍ത്തത്.
കടലൂര്‍: പ്രതിപക്ഷത്തിന്‍റെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും രൂക്ഷഭാഷയില്‍ മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി. മാസങ്ങളായി മൗനം തുടര്‍ന്ന ശേഷമാണ് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമിയുടെ പൊട്ടിത്തെറിക്കല്‍. മുഖ്യമന്ത്രിയാവാനായി മേശയ്ക്ക് അടിയിലൂടെ ഇഴഞ്ഞുചെന്ന് ശശികലയുടെ കാലില്‍ വീണുവെന്ന ഡിഎംകെയുടെ പരിഹാസമാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ സംയമനം തകര്‍ത്തത്.
ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും ഏറെ നാളുകളായി നടത്തിയിരുന്ന പരിഹാസങ്ങള്‍ക്കും ആക്ഷേപത്തിനുമാണ് പളനിസ്വാമിയുടെ മറുപടി. ഇഴഞ്ഞു ചെല്ലാന്‍ താന്‍ പല്ലിയോ പാമ്പോ ആണോയെന്നും തനിക്ക് കാലുകളില്ലേയെന്നും പറഞ്ഞ പളനിസ്വാമി, മുഖ്യമന്ത്രിയോട് സംസാരിക്കേണ്ടത് എങ്ങനെയാണ് എന്ന് അറിയില്ലേയെന്നുമാണ് ചോദിച്ചു. വെള്ളിയാഴ്ച കടലൂരില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു എടപ്പാടി കെ പളനിസ്വാമി.
ഡിഎംകെ നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷയാണ് തമിഴ്നാട് മുഖ്യമന്ത്രി ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയാകാന്‍ സാധിക്കാതെ പോയതിലുള്ള എംകെ സ്റ്റാലിന്‍റെ നിരാശയാണ് ഇത്തരം പരാമര്‍ശങ്ങളിലേക്ക് നയിക്കുന്നതെന്നും പളനിസ്വാമി പറഞ്ഞു. ജയലളിതയുടെ മരണത്തിന് പിന്നാലെ എഐഎഡിഎംകെ തകരുമെന്നും അങ്ങനെ മുഖ്യമന്ത്രിയാവാമെന്നുമായിരുന്നു സ്റ്റാലിന്‍ സ്വപ്നം കണ്ടിരുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിലുള്ള നിരാശയാണ് സ്റ്റാലിനുള്ളത്.
ഒരു കര്‍ഷകന്‍ മുഖ്യമന്ത്രിയാവുമെന്ന് സ്റ്റാലിന്‍ കരുതിയിരുന്നില്ലെന്ന് പളനിസ്വാമി കൂട്ടിച്ചേര്‍ത്തു. 2016 ഡിസംബറില്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയുടെ മരണശേഷമാണ് എടപ്പാടി കെ പളനിസ്വാമി മുഖ്യമന്ത്രിയായത്. നേരത്തെ ഡിഎംകെ യുവനേതാവ് ഉദയനിധി സ്റ്റാലിന്‍റെ എടപ്പാടി പളനിസ്വാമിക്കെതിരായ പരാമര്‍ശങ്ങള്‍ ഏറെ രാഷ്ട്രീയ വിവാദമായിരുന്നു.