സ്ഥാനാര്‍ത്ഥികളെ വേട്ടയാടുന്നു; ആദായനികുതി റെയ്ഡിനെതിരെ പരാതിയുമായി ഡിഎംകെ

തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളെ വേട്ടയാടുന്നുവെന്ന് ആരോപിച്ച ഡിഎംകെ ഇത് സംബന്ധിച്ച് തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. 

DMK complaints against income tax raids against party leaders alleges raids are politically influenced ones

ചെന്നൈ: ആദായനികുതി റെയ്ഡിനെതിരെ പരാതിയുമായി ഡിഎംകെ. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളെ വേട്ടയാടുന്നുവെന്ന് ആരോപിച്ച ഡിഎംകെ ഇത് സംബന്ധിച്ച് തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. ഡിഎംകെ  നേതാവ് ഇ വി വേലുവിന്‍റെ വസതിയിലും 18ഓളം സ്ഥാപനങ്ങളിലും ഇന്‍കം ടാക്സ് റെയ്ഡ് നടന്നിരുന്നു. ഡിഎംകെയുടെ തിരുവണ്ണാമലൈ ജില്ലാ സെക്രട്ടറിയും മുന്‍മന്ത്രിയുമാണ് ഇ വി വേലു. എം കെ സ്റ്റാലിനൊപ്പം ഇ വി വേലു പ്രചാരണം നടത്തുന്നതിനിടെയാണ് ഇന്‍കം ടാക്സ് അധികൃതര്‍ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്.

എന്‍ജിനിയറിംഗ്, മെഡിക്കല്‍, പോളിടെക്നിക് അടക്കം നിരവധി കോളേജുകളും സ്കൂളുകളും ഇ വി വേലുവിന്‍റേതായുണ്ട്. രാഷ്ട്രീയ താല്‍പര്യമാണ് ഈ റെയ്ഡുകളുടെ പിന്നിലെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. എംകെ സ്റ്റാലിന്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ നടന്ന റെയ്ഡ് ഇത് വ്യക്തമാക്കുന്നതാണെന്നും ഡിഎംകെ ആരോപിക്കുന്നു. റെയ്ഡുകള്‍ക്ക് പിന്നില്‍ എഎഐഎഡിഎംകെയാണെന്നും ഡിഎംകെ ആരോപിച്ചിരുന്നു.

ഇത്തരം റെയ്ഡുകള്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിന്ന് ഡിഎംകെയെ പിന്നോട്ട് നയിക്കില്ലെന്നും ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈ മുരുഗന്‍ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം നടന്ന ആദായനികുതി പരിശോധനയില്‍ തമിഴ്നാട് ഗതാഗതമന്ത്രി എ വിജയഭാസ്കറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വസതിയിൽ നിന്ന് 50 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios