വീട്ടമ്മമാര്‍ക്ക് മാസശമ്പളം, ഇന്‍റര്‍നെറ്റ് കണക്ഷൻ, ഭക്ഷ്യകിറ്റ്; ജനകീയ പ്രഖ്യാപനങ്ങളുമായി ഡിഎംകെയും
20 ലക്ഷം കോണ്‍ക്രീറ്റ് വീടുകൾ സംസ്ഥാനത്ത് നിര്‍മ്മിക്കും. പത്ത് ലക്ഷം പേര്‍ക്ക് പുതിയ തൊഴിലും പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും നൽകുമെന്നും ഡിഎംകെ പ്രഖ്യാപിച്ചു.
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്നാട്ടിൽ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. അധികാരത്തിലേറിയാൽ തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് ആയിരം രൂപ മാസശമ്പളവും ദാരിദ്രരേഖയില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ ഉത്പന്നങ്ങളോടെ മാസം ഭക്ഷ്യകിറ്റ് നൽകുമെന്നും ഡിഎംകെ പ്രഖ്യാപിച്ചു. എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷൻ നൽകും. പാവപ്പെട്ടവര്‍ക്ക് സൗജന്യ വീട് നൽകും. 20 ലക്ഷം കോണ്‍ക്രീറ്റ് വീടുകൾ സംസ്ഥാനത്ത് നിര്‍മ്മിക്കും. പത്ത് ലക്ഷം പേര്‍ക്ക് പുതിയ തൊഴിലും പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും നൽകുമെന്നും ഡിഎംകെ പ്രഖ്യാപിച്ചു.
നിയമസഭയിൽ അധികാരത്തിൽ എത്തിയാൽ എല്ലാ സ്ത്രീകൾക്കും സൗജന്യചികിത്സ, വീട്ടമ്മമാർക്ക് മാസശമ്പളം തുടങ്ങി സ്ത്രീ സൗഹൃദ പ്രഖ്യാപനങ്ങളാണ് നേരത്തെ കമൽഹാസനും പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വീട് നിർമ്മിച്ച് നൽകും. വനിതകൾക്കായി എല്ലാ ഗ്രാമങ്ങളിലും തൊഴിലധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിക്കും. യൂണിഫോം തസ്തികകളിൽ 50 ശതമാനം വനിതാ സംവരണം ഉറപ്പാക്കും. പൊതുവിതരണ സംവിധാനത്തിലൂടെ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യും. എല്ലാ വീട്ടമ്മമാർക്കും മാസശമ്പളം നൽകും തുടങ്ങിയവയാണ് കമൽഹാസന്റെ പ്രഖ്യാപനങ്ങൾ.