കോൺഗ്രസ് പട്ടികയ്ക്ക് ശേഷമുള്ള പൊട്ടിത്തെറി; കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് ഹൈക്കമാന്‍ഡ്

സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലതികാ  സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  

Congress high command says more women candidate needed

ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് ഹൈക്കമാന്‍ഡ്. ഇനി പ്രഖ്യാപിക്കാനുള്ള സീറ്റുകളില്‍ ഇക്കാര്യം ആലോചിക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ പി സി വിഷ്ണുനാഥിനെ ആലോചിക്കുന്ന വട്ടിയൂര്‍ക്കാവില്‍ വനിതയെ മത്സരിപ്പിച്ചേക്കും. അങ്ങനെയെങ്കിൽ വിഷ്ണുനാഥിന് കുണ്ടറ തന്നെ നല്‍കും. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലതികാ  സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  

ദില്ലിയിൽ ഏഴു ദിവസത്തെ ചർച്ചയ്ക്ക് ശേഷം കോൺഗ്രസ് പട്ടിക പുറത്തിറക്കിയ ഉടനുള്ള ഈ പ്രതിഷേധം പാർട്ടി കേന്ദ്ര നേതാക്കളെയും ഞെട്ടിച്ചു. 55 ശതമാനം പുതുമുഖങ്ങളുമായി വന്ന പട്ടികയുടെ പ്രഖ്യാപനം പാർട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു എഐസിസി കണക്കുകൂട്ടൽ. അതു കൊണ്ടാണ് എഐസിസി പട്ടിക പുറത്തിറക്കുക എന്ന പതിവ് മാറ്റി മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഇത് പ്രഖ്യാപിക്കുക എന്ന നിർദ്ദേശം നല്‍കിയത്. എന്നാൽ ഇതിന് പിന്നാലെയുള്ള ലതിക സുഭാഷിന്‍റെ പ്രതിഷേധം പട്ടിക കൊണ്ട് നേടാമായിരുന്ന മുൻതൂക്കം ഇല്ലാതാക്കിയെന്നാണ് വിലയിരുത്തൽ. വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് സോണിയ ഗാന്ധി തന്നെ നിർദ്ദേശം നല്‍കിയിരുന്നു. പത്തു ശതമാനം വനിതകളുണ്ടെന്നും മുസ്ലിം ലീഗും ഇത്തവണ ഒരു വനിതയ്ക്ക് സീറ്റ് നല്‍കിയെന്നും ചൂണ്ടിക്കാട്ടി പട്ടികയ്ക്ക് അംഗീകാരം വാങ്ങി.

ലതിക സുഭാഷിന്‍റെ ആവശ്യം എല്ലാ മുതിർന്ന നേതാക്കളുടെയും മുന്നിൽ ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. സംസ്ഥാന നേതാക്കൾ ഇത് പറഞ്ഞ് തീർക്കേണ്ടതായിരുന്നു എന്ന വികാരമാണ് ഹൈക്കമാൻഡിനുള്ളത്. വട്ടിയൂർക്കാവിൽ പിസി വിഷ്ണുനാഥിനെതിരെ ഉൾപ്പടെ തർക്ക സീറ്റുകളിൽ പരിഗണിക്കുന്നവർക്കെതിരെയും എഐസിസിയിലേക്ക് പരാതി പ്രളയമാണ്. നാളെ രാവിലെയോടെ എല്ലാം പ്രഖ്യാപിക്കാം എന്ന പ്രതീക്ഷയാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios