കോണ്‍ഗ്രസ് സർക്കാർ ദുരന്തമായിരുന്നു; പുതുച്ചേരിയില്‍ എൻഡിഎ വിജയ തരംഗമാണുള്ളതെന്നും മോദി
പശ്ചിമബംഗാൾ, ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ എൻഡിഎയ്ക്ക് വൻ വിജയതരംഗമാണ് കാണാൻ സാധിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
പുതുച്ചേരി: മുതിർന്ന് കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്ന വി നാരായണ സ്വാമിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വൻദുരന്തമായിരുന്നു എന്നാണ് മോദിയുടെ വിമർശനം. എൻഡിഎ ഇലക്ഷൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി ഇപ്രകാരം പറഞ്ഞത്. പശ്ചിമബംഗാൾ, ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ എൻഡിഎയ്ക്ക് വൻ വിജയതരംഗമാണ് കാണാൻ സാധിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ഏപ്രിൽ ആറിനാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്.
കാലങ്ങളായി പ്രവർത്തന രഹിതമായി അവശേഷിക്കുന്ന കോൺഗ്രസ് സർക്കാരുകളുടെ പട്ടികയിൽ പുതുച്ചേരി പ്രത്യേക സ്ഥാനമാണുള്ളതെന്നും മോദി വിമർശിച്ചു. വിദ്യാഭ്യാസം, പിന്നാക്കവിഭാഗത്തിലുള്ളവരുടെ ക്ഷേമം എന്നീ മേഖലകളിൽ പുതുച്ചേരി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരവധി തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ടെന്നും എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വളരെ പ്രത്യേകതയുള്ളതാണെന്നും മോദി പറഞ്ഞു. നാരായണ സ്വാമി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന കാര്യവും മോദി ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രിയുടെ കുടുബവുമായി നേരിട്ട് ബന്ധമുള്ള അഴിമതിയെക്കുറിച്ച് കോൺഗ്രസ് എംഎൽഎമാർ പരസ്യമായി പറയുന്നുണ്ടെന്നും മോദി ആരോപിച്ചു.