'ആ നാല് പേര്‍ പാര്‍ട്ടിയെ നശിപ്പിച്ചു, തൃണമൂലിലെ മാലിന്യങ്ങള്‍ക്ക് സീറ്റ് നല്‍കി'; ബംഗാള്‍ ബിജെപിയില്‍ കലഹം
ഈ നാല് പേര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇരുന്ന് തൃണമൂലില്‍നിന്നെത്തുന്ന മാലിന്യങ്ങള്‍ക്ക് സീറ്റ് നല്‍കുകയായിരുന്നുവെന്ന് റോയി ആരോപിച്ചു. ബിജെപി ടിക്കറ്റില്‍ സിനിമാ താരങ്ങള്‍ക്ക് സീറ്റ് നല്‍കിയതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
കൊല്‍ക്കത്ത: ബംഗാളിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന നേതൃത്വത്തിനെതിരെ മുന്‍ അധ്യക്ഷനും ത്രിപുര, മേഖാലയ മുന്‍ ഗവര്‍ണറുമായ തഥാഗത റോയിയാണ് രംഗത്തെത്തിയത്. ബംഗാള്‍ പാര്‍ട്ടിയുടെ ചുമതലയുള്ള കൈലാഷ് വിജയ് വര്‍ഗിയ, സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്, മറ്റ് നേതാക്കളായ ശിവ് പ്രകാശ്, അരവിന്ദ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് തഥാഗത റോയി വിമര്‍ശനമുന്നയിച്ചത്. നാല്‍വര്‍ സംഘമാണ് തോല്‍വിക്ക് കാരണമെന്നും ഇവര്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സല്‍പേരിന് കളങ്കം വരുത്തിയെന്നും റോയി ആരോപിച്ചു.
വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന പ്രവര്‍ത്തകരെയും സ്വയം സേവകരെയും ഇവര്‍ വഞ്ചിച്ചു. ഈ നാല് പേര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇരുന്ന് തൃണമൂലില്‍നിന്നെത്തുന്ന മാലിന്യങ്ങള്‍ക്ക് സീറ്റ് നല്‍കുകയായിരുന്നുവെന്ന് റോയി ആരോപിച്ചു. ബിജെപി ടിക്കറ്റില്‍ സിനിമാ താരങ്ങള്‍ക്ക് സീറ്റ് നല്‍കിയതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
തൃണമൂലില്‍നിന്നെത്തിയ മാലിന്യങ്ങള്‍ തിരിച്ചു പോകും. ബിജെപിയില്‍ നിന്ന് മറ്റ് പാര്‍ട്ടിയിലേക്ക് അണികളുടെ ചോര്‍ച്ചയുണ്ടാകും. അതോടെ ബംഗാളില്‍ ബിജെപിയുടെ അവസാനമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച തഥാഗത റോയിയോട് ദില്ലിയിലെത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗാളില്‍ ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയ ബിജെപിക്ക് നിരാശയാണ് ഫലം സമ്മാനിച്ചത്. ലോക്‌സഭയില്‍ 18 സീറ്റ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ഭരണം പിടിക്കാന്‍ കളത്തിലിറങ്ങിയത്. ദിവസങ്ങളോളം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും നേരിട്ട് പ്രചാരണം നടത്തിയിട്ടും 75 സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസാകട്ടെ നില മെച്ചപ്പെടുത്തുകയും ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona