'സമ്മർദ്ദത്തിന് വഴങ്ങിയാൽ നടപടി', പൊലീസിന് മുന്നറിയിപ്പുമായി ബംഗാൾ ഗവർണ്ണർ
ഭരണഘടനയിൽ നിന്ന് മാത്രമേ ഞാൻ നിർദ്ദേശങ്ങൾ സ്വീകരിക്കുകയുള്ളു. ഞാൻ പരിധി ലംഘിച്ചെന്ന് ഇതുവരെ ആരും തെളിയിച്ചിട്ടില്ലെന്നും ഗവർണ്ണർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കൊൽക്കത്ത: പശ്ചിമ ബംഗാൾ പൊലീസിന് ശക്തമായ മുന്നറിയിപ്പുമായി ഗവര്‍ണര്‍ ജഗ്ദീപ് ധൻകര്‍. തെരഞ്ഞെടുപ്പിൽ സമ്മര്‍ദ്ദങ്ങൾക്ക് വഴങ്ങുന്നവർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നിഷ്പക്ഷമായി നിന്നില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും പശ്ചിമ ബംഗാൾ ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതികരിച്ചു. ഭരണഘടനാപരമായ ദൌത്യം നിറവേറ്റുകയാണ് ഗവർണറുടെ ചുമതല എന്നതിൽ സംശയമില്ല. ഗവർണർ ഒരു റബർ സ്റ്റാമ്പല്ലെന്ന ഉത്തമബോധ്യമുണ്ട്. ഭരണഘടനയിൽ നിന്ന് മാത്രമേ ഞാൻ നിർദ്ദേശങ്ങൾ സ്വീകരിക്കുകയുള്ളു. ഞാൻ പരിധി ലംഘിച്ചെന്ന് ഇതുവരെ ആരും തെളിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'തെരഞ്ഞെടുപ്പ് പ്രക്രിയ മലിനമായാൽ ജനാധിപത്യം പുലരില്ല. വോട്ടർമാരിൽ ഭയമുണ്ടായാൽ ജനാധിപത്യം എന്ന ആശയത്തെ തന്നെ ബാധിക്കും. ജനാധിപത്യത്തെ ബാധിക്കുന്ന എല്ലാത്തിനെയും നേരിടണം. അക്രമവും ഭയവും ജനാധിപത്യത്തെ ബാധിക്കുന്ന ഘടകമാണ്. പൊലീസും ഭരണ സംവിധാനവും നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നാണ് എന്റെ ആവശ്യം. അത് ഭരണ ഘടനാപരമായ ചുമതലയാണ്. ജനാധിപത്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാകില്ല. വോട്ടർമാരിൽ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതും എന്റെ കർത്തവ്യമാണ്'. ഇത് ബംഗാളിൻറെ പ്രതിച്ഛായ മാറ്റാനുള്ള തെരഞ്ഞെടുപ്പാണെന്നും ബംഗാളിലെ വോട്ടർമാർ അവസരം ഉപയോഗിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
'അഞ്ച് സംസ്ഥാനങ്ങളുമെടുത്താൽ ബംഗാളിലാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള അവസരമാണിത്. ജനങ്ങൾ ഭയമില്ലാതെ വോട്ടു രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ജഗദീപ് ധനകർ പൊലീസ് നിഷ്പക്ഷമായി നിന്നില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. സമ്മർദ്ദത്തിന് കീഴ്പെടുന്നവർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നിയമനടപടികളുണ്ടാകുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.
വോട്ടെടുപ്പിന് മുമ്പ് ഗവര്‍ണറുടെ ആദ്യ അഭിമുഖം ഏഷ്യാനെറ്റ് ന്യൂസിന്-അഭിമുഖം കാണാം