ബംഗാൾ തെരഞ്ഞെടുപ്പ്; കമ്മീഷനെതിരെ കൊൽക്കത്ത ഹൈക്കോടതി, കാര്യക്ഷമമായ ഇടപെടൽ വേണമെന്ന് നിർദ്ദേശം
കൊവിഡ് സാഹചര്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് സമയത്ത് സർക്കുലറുകൾ ഇറക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കാൻ കാര്യമായ പരിശ്രമമുണ്ടാകുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ടി എൻ ശേഷൻ ചെയ്തിരുന്നതിന്റെ പത്തിലൊന്ന് പോലും നിലവിലെ കമ്മീഷൻ ചെയ്യുന്നില്ലെന്ന പരാമർശവും കോടതിയിൽ നിന്നുണ്ടായി.
കൊൽക്കത്ത: ബംഗാളിൽ ശേഷിക്കുന്ന തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ ഒന്നിച്ചാക്കണമെന്ന നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും തള്ളി. കമ്മീഷനെതിരെ ഇന്ന് കൊൽക്കത്ത ഹൈക്കോടതിയും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലികളിൽ കൊവിഡ് മാർഗനിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
രൂക്ഷ വിമർശനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊൽക്കത്ത ഹൈക്കോടതി നടത്തിയത്. അധികാരമുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് വിമർശനം. കൊവിഡ് സാഹചര്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് സമയത്ത് സർക്കുലറുകൾ ഇറക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കാൻ കാര്യമായ പരിശ്രമമുണ്ടാകുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ടി എൻ ശേഷൻ ചെയ്തിരുന്നതിന്റെ പത്തിലൊന്ന് പോലും നിലവിലെ കമ്മീഷൻ ചെയ്യുന്നില്ലെന്ന പരാമർശവും കോടതിയിൽ നിന്നുണ്ടായി.
കമ്മീഷന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടായില്ലെങ്കിൽ കോടതി ഇടപെടുമെന്നും മുന്നറിയിപ്പുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 1.30 വരെയുള്ള കണക്കനുസരിച്ച് 57.30 ശതമാനമാണ് പോളിംഗ്.
നാല് ജില്ലകളിലെ 43 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ 17 മണ്ഡലങ്ങളും, നാദിയയിലെ 9 മണ്ഡലങ്ങളും ഉത്തർദിനാജ്പൂരിലെ ഒമ്പതും പൂർബ ബർദ്ധമാൻ ജില്ലയിലെ എട്ടും മണ്ഡലങ്ങളും ഇന്ന് വിധിയെഴുതുകയാണ്.
കൊവിഡ് വ്യാപിക്കുമ്പോഴും പാർട്ടികൾ തെരഞ്ഞെടുപ്പ് റാലികളുമായി മുന്നോട്ട് പോകുകയാണ്. കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് മൂന്ന് തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ഇന്ന് നാല് റോഡ് ഷോകൾ നടത്തും. ബിജെപിയിലെത്തിയ, മമതയുടെ പഴയ വിശ്വസ്തൻ സുവേന്ദു അധികാരി ഇന്ന് കൊൽക്കത്തയിൽ മൂന്ന് റോഡ് ഷോകൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാന തലസ്ഥാനത്ത് പോലും റോഡ് ഷോകളും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളും തുടരുന്നത് രോഗവ്യാപനം പിടിച്ചുകെട്ടുന്നതിൽ വലിയ വെല്ലുവിളിയാണ്. മുഖ്യമന്ത്രി മമതാ ബാനർജി നാല് പൊതുപരിപാടികളാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുപരിപാടികൾ പലതും മമത വെട്ടിക്കുറച്ചിരുന്നു.
Other News: 'മഹ്‌സൂസ് നറുക്കെടുപ്പില് ഒരു മില്യന് ദിര്ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'