'മോദി കോപ്പി ക്യാറ്റ്, ദുര്യോധനനെയും നമുക്ക് ദുശ്ശാസനനെയും വേണ്ട'; ബിജെപിക്കെതിരെ മമത ബാനര്‍ജി
തന്റെ മുദ്രാവാക്യം പ്രധാനമന്ത്രി അപഹരിച്ചെന്ന് ആരോപിച്ച മമത മോദിയെ കോപി ക്യാറ്റ് എന്നാണ് വിശേഷിപ്പിച്ചത്.
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി ബിജെപി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച്
മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് പര്യടനം. കലാപങ്ങള്‍, കൊളള, ദുര്യോധനന്‍, ദുശ്ശാസനന്‍, മിര്‍ ജാഫിര്‍ എന്നിവയൊന്നും നമുക്ക് വേണ്ടെന്ന് മമത പറഞ്ഞു. ബിജെപി നേതാക്കളെ ദുര്യോധനന്‍, ദുശ്ശാസനന്‍, മിര്‍ ജാഫിര്‍ തുടങ്ങയ പേരുകള്‍ വിളിച്ചാണ് മമത പരിഹസിച്ചത്. കിഴക്കന്‍ മിഡ്‌നാപുരിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് മമത ബാനര്‍ജി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
'ബിജെപിയോട് യാത്രാമംഗളങ്ങള്‍ പറയൂ, നമുക്ക് ബിജെപി വേണ്ട, നാം മോദിയുടെ മുഖം കാണാന്‍ ആഗ്രഹിക്കുന്നില്ല. കലാപങ്ങള്‍, കൊളള, ദുര്യോധനന്‍, ദുശ്ശാസനന്‍, മിര്‍ ജാഫിര്‍ എന്നിവയൊന്നും നമുക്ക് വേണ്ട.' മമത ബാനര്‍ജി പറഞ്ഞു. തന്റെ മുദ്രാവാക്യം പ്രധാനമന്ത്രി അപഹരിച്ചെന്ന് ആരോപിച്ച മമത മോദിയെ കോപി ക്യാറ്റ് എന്നാണ് വിശേഷിപ്പിച്ചത്. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെയും മമത രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
'അന്ധമായി വിശ്വസിച്ച എന്നെ അവര്‍ ഒറ്റിക്കൊടത്തു. ഇന്ന് മിഡ്‌നാപുരില്‍ എവിടെ വേണമെങ്കിലും വരാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. ആദ്യമെല്ലാം ഞാന്‍ എവിടെയാണ് ഞാന്‍ പോകേണ്ടതെന്ന് ചോദിച്ചിരുന്നു. ഞാനവരെ അന്ധമായി സ്‌നേഹിച്ചു, എന്നാല്‍ അവരെന്നെ വഞ്ചിച്ചു. 2014 മുതല്‍ അവര്‍ക്ക് ബിജെപിയുമായി അടുപ്പമുണ്ടായിരുന്നു. അവരെ വിശ്വസിച്ചിരുന്നുവെന്നതില്‍ എനിക്ക് ഖേദമുണ്ട്.' മമത കൂട്ടിച്ചേര്‍ത്തു. കാലുകള്‍ക്ക് പരിക്കുള്ളതിനാല്‍ വീല്‍ചെയറില്‍ ഇരുന്നാണ് മമതയുടെ പര്യടനം.