ബംഗാള് തെരഞ്ഞെടുപ്പ് നാലാം ഘട്ടം; പ്രചാരണത്തിനിടെ റിക്ഷാതൊഴിലാളിയുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ച് അമിത് ഷാ
തുണി കൊണ്ട് പൊതിഞ്ഞ് നിലത്ത് സ്ഥാപിച്ചിരിക്കുന്ന ചെറിയ മേശക്ക് മുന്നിൽ, തറയൽ ചമ്രം പടിഞ്ഞിരുന്നാണ് അമിത് ഷാ ഭക്ഷണം കഴിക്കുന്നത് എഎൻഐ ട്വിറ്ററിൽ പങ്കിട്ട ചിത്രങ്ങളിൽ കാണാം.
കൊൽക്കത്ത: ബംഗാളിൽ നാലാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന പ്രചാരണത്തിനിടെ റിക്ഷാ തൊഴിലാളിയുടെ വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൗറ ജില്ലയിലെ ദോംജറിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. ദോംജൂറിലെ ബിജെപി സ്ഥാനാർത്ഥി രജീബ് ബാനർജിക്ക് വേണ്ടിയാണ് അമിത് ഷാ എത്തിയത്. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ നേതാവാണ് രജീബ് ബാനർജി. ബംഗാളിലെ മുൻവനംവകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം
''ഞാൻ ഒരു ഗ്രാമപഞ്ചായത്ത് മാത്രമാണ് സന്ദർശിച്ചത്. അവിടത്തെ ആളുകളിൽ വലിയ ആവേശമാണ് കണ്ടത്. രജീബ് ബാനാർജി വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്.'' അമിത് ഷായുടെ വാക്കുകൾ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. മമത ബാനർജിയുടെ നിരാശ അവരുടെ പ്രസംഗങ്ങളിലും പെരുമാറ്റത്തിലും കാണാൻ സാധിക്കുന്നുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
തുണി കൊണ്ട് പൊതിഞ്ഞ് നിലത്ത് സ്ഥാപിച്ചിരിക്കുന്ന ചെറിയ മേശക്ക് മുന്നിൽ, തറയൽ ചമ്രം പടിഞ്ഞിരുന്നാണ് അമിത് ഷാ ഭക്ഷണം കഴിക്കുന്നത് എഎൻഐ ട്വിറ്ററിൽ പങ്കിട്ട ചിത്രങ്ങളിൽ കാണാം. അദ്ദേഹത്തിന്റെ പ്ലേറ്റിനുള്ളിൽ ചോറ്, ദാൽ, പച്ചക്കറികൾ എന്നിവയുണ്ട്. അമിത് ഷാക്കൊപ്പം സ്ഥാനാർത്ഥി രജീബ് ബാനർജിയും മറ്റ് നേതാക്കളുമുണ്ട്.