കൊവിഡ് വ്യാപന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയാൽ നടപടി; സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വിജയാഘോഷങ്ങളും റോഡ് ഷോകളും റാലികളും വിലക്കിയിട്ടുണ്ട്.
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വിജയാഘോഷങ്ങളും റോഡ് ഷോകളും റാലികളും വിലക്കിയിട്ടുണ്ട്.
ഇന്ന് വോട്ടെണ്ണൽ നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിയമം ലംഘിച്ചുള്ള കൂടിച്ചേരലുകൾ നടന്നാൽ അത്തരം ഓരോ സംഭവങ്ങളിലും എഫ്ഐആർ തയ്യാറാക്കാനും നിർദ്ദേശമുണ്ട്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, അസം, ബംഗാൾ, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. പാർട്ടി പ്രവർത്തകരോട് വീട്ടിലിരുന്ന വിജയമാഘോഷിക്കാൻ നിർദ്ദേശം നൽകിയെന്ന് ഡിഎംകെ നേതാവ് ടികെ എസ് എലങ്കോവൻ പറഞ്ഞു.