ഹൃദയത്തിൽ നിന്ന് ക്ഷമാപണം; പളനിസ്വാമിക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എ രാജ
രാജയുടെ പരാമര്‍ശത്തെ കുറിച്ച് സൂചിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുഖ്യമന്ത്രി പൊട്ടിക്കരഞ്ഞിരുന്നു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ പളനി സ്വാമിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഡിഎംകെ നേതാവ് എ രാജ. മുഖ്യമന്ത്രിക്കെതിര അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് ഡിഎംകെ നേതാവിനെ വിലക്കണമെന്ന് എഐഎഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തന്റെ പ്രസംഗം രണ്ട് നേതാക്കളെ വ്യക്തിപരമായി വിലയിരുത്തിയതല്ലെന്നും രണ്ട് നേതാക്കളുടെ പൊതുജീവിതം താരതമ്യപ്പെടുത്തിയതാണെന്നുമാണ് എ രാജയുടെ വിശദീകരണം. മുഖ്യമന്ത്രി പളനിസ്വാമി അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ പോലെയാണെന്ന രാജയുടെ പരാമര്‍ശം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
എന്റെ വാക്കുകൾ മുഖ്യമന്ത്രിയെ വേദനിപ്പിച്ചുവെന്ന് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞപ്പോൾ ഞാൻ അതീവദുഖിതമായി. സന്ദർഭത്തെ തെറ്റിദ്ധരിച്ചതാണത്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഖേദം രേഖപ്പെടുത്തുന്നു. അദ്ദേഹത്തെ വേദനിപ്പിച്ചതിൽ ഹൃദയപൂർവ്വമായ ക്ഷമാപണം നടത്താൻ എനിക്ക് മടിയില്ല. എ രാജ പറഞ്ഞു. രാജയുടെ പരാമര്‍ശത്തെ കുറിച്ച് സൂചിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുഖ്യമന്ത്രി പൊട്ടിക്കരഞ്ഞിരുന്നു. എഐഎഡിഎംകെ പ്രവർത്തകർ രാജക്കെതിരെ പരാതി നൽകുകയും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തിരുന്നു.